പേജുകള്‍‌

Wednesday, September 9, 2026

KSBI – ഇൻക്യൂബേറ്റ്: ദ എഗ്ഗ്സ് 61

"സാർ, ആളെക്കിട്ടി!"

രതീഷ് തന്റെ ലാപ്‌ടോപ്പ് സ്‌ക്രീനിൽ നിന്ന് തലയുയർത്തി ഉച്ചത്തിൽ വിളിച്ചുകൂവി.

മുറിയിലെ എല്ലാവരുടെയും കണ്ണുകൾ ഒരൊറ്റ നിമിഷം കൊണ്ട് രതീഷിലേക്ക് തിരിഞ്ഞു.

"അമൻ കുമാർ..." രതീഷ് വിശദാംശങ്ങൾ ഓരോന്നായി വായിച്ചു. "മെറ്റാഫിസിക്‌സ് പ്രൊഫസർ. ഗയാ കോളേജ്, ഗയ, ബീഹാർ. ഡിപ്പാർട്ട്മെന്റ് ഓഫ് ഫിലോസഫി. സാർ, ഇയാൾ നാളെക്കഴിഞ്ഞ് നെടുമ്പാശ്ശേരിക്കല്ല ഫ്ലൈറ്റ് ടിക്കറ്റ് എടുത്തിരിക്കുന്നത്... കോഴിക്കോട്ടേക്കാണ്!"

"അപ്പോൾ..."

ശിവ ഒന്ന് നിന്നു. എന്തോ പെട്ടെന്ന് ഓർത്തെടുത്തതുപോലെ അവന്റെ കണ്ണുകൾ വിടർന്നു.

"ഫക്, ഞാൻ എങ്ങനെ ചമ്രവട്ടം മറന്നു!"

"ചമ്രവട്ടമോ?" വിമല അമ്പരപ്പോടെ ചോദിച്ചു.

"നമ്മൾ സ്റ്റേറ്റ് ലൈബ്രറിയിൽ പോയി വായിച്ചത് ഓർമ്മയില്ലേ?" ശിവയുടെ ശബ്ദത്തിൽ ഒരു പുതിയ കണ്ടെത്തലിന്റെ പിരിമുറുക്കമുണ്ടായിരുന്നു. "ഭാരതപ്പുഴയുടെ പഴയ കൈവഴികൾക്കിടയിൽ, തിരുനാവായയ്ക്കും പൊന്നാനിക്കും ഇടയിലായി ഒരിക്കൽ നിലനിന്നിരുന്ന പ്രസിദ്ധമായ ആ ശ്രീമൂലവാസം മഹാവിഹാരം... അത് ചമ്രവട്ടത്താണ്!"

"അങ്ങോട്ടേക്കാണ് അവൻ ആ വ്യക്തിയെ, ആ എട്ടു ആരകാലും ഉള്ള മാല ധരിച്ച,  അവന്റെ എട്ടാമത്തെയും അവസാനത്തെയും ഇരയെ കൊണ്ടുപോകുന്നത്!" ശിവ ഉറപ്പിച്ചു പറഞ്ഞു.

"എന്തിനാ സാർ താമസിക്കുന്നത്? നമുക്ക് ഇപ്പോൾത്തന്നെ തിരിക്കാം!" നൗഷാദിന്റെ ശബ്ദത്തിൽ അടക്കാനാവാത്ത തിടുക്കമുണ്ടായിരുന്നു.

"തിരക്കുപിടിക്കേണ്ട..." ശിവ ശാന്തനായി കൈയുയർത്തി. "നമ്മുടെ മുൻപിൽ ഒന്നര ദിവസമുണ്ട്."

അവൻ ടീമംഗങ്ങളെ ഓരോരുത്തരെയായി നോക്കി.

"അവൻ ഇപ്രാവശ്യം എല്ലാ തെളിവുകളോടെയും നമ്മുടെ വലയിൽ വീണിരിക്കും."

ശിവയുടെ ചുണ്ടുകളിൽ അതുവരെ ആരും കാണാത്ത വന്യവും ക്രൂരവുമായ ഒരു പുഞ്ചിരി വിടർന്നു.

"എന്നാലും 'നാളെക്കഴിഞ്ഞ്' എന്ന തീയതി സാർ എങ്ങനെ കൃത്യമായി ഗസ്സ് ചെയ്തു?" അജിത്തിന്റെ മുഖത്ത് അത്ഭുതം വിട്ടുമാറിയിരുന്നില്ല.

"അത് വളരെ എളുപ്പമാണ് അജിത്," ശിവ തുടർന്നു. "ഈ ഏഴുപേരെയും കാണാതായ തീയതികൾ തമ്മിൽ വളരെ കൃത്യമായ അകലവും ഗണിതപരമായ ഒരു പാറ്റേണും ഉണ്ടായിരുന്നു."

ശിവ എല്ലാവരെയും നോക്കിക്കൊണ്ട് വിശദീകരിച്ചു:

"നമുക്ക് ഈ കേസ് കയ്യിൽ കിട്ടുന്നത് 2025 ഡിസംബർ 11-നാണ്. അതിന് കൃത്യം 18 മാസവും 7 ദിവസവും മുൻപാണ് ആദ്യത്തെ ഇരയായ ജ്യോത്സനയെ കാണാതാകുന്നത്. അതായത്, 2024 ജൂൺ 4-ന്. ഇനി തുടർന്നുള്ള ഓരോ ഇരകളെയും കാണാതായ തീയതികൾ ശ്രദ്ധിക്കൂ... ഓരോരുത്തരെയും കാണാതാകുന്നതിനിടയിൽ കൃത്യം 89 ദിവസങ്ങളുടെ വ്യത്യാസമുണ്ട്."

ശിവ വിരലുകൾ മടക്കി ആ ക്രമം നിരത്തി:

"രണ്ടാമത്തെയാൾ: 2024 സെപ്റ്റംബർ 1.

മൂന്നാമത്തെയാൾ: 2024 നവംബർ 29.

നാലാമത്തെയാൾ: 2025 ഫെബ്രുവരി 26.

അഞ്ചാമത്തെയാൾ: 2025 മേയ് 25.

ആറാമത്തെയാൾ: 2025 ഓഗസ്റ്റ് 21.

ഏഴാമത്തെയാൾ: 2025 നവംബർ 18.

അങ്ങനെയെങ്കിൽ അടുത്തത്... 2026 ഫെബ്രുവരി 15! അതായത്, കൃത്യം നാളെക്കഴിഞ്ഞ്!"

മുറിയിൽ എല്ലാവരും അത്ഭുതത്തോടെ പരസ്പരം നോക്കി. ശിവ തുടർന്നു:

"മറ്റൊന്നു കൂടിയുണ്ട്. ഈ ദിവസങ്ങളെല്ലാം അമാവാസിക്ക് കൃത്യം രണ്ടു ദിവസം മുൻപുള്ള ദിവസങ്ങളാണ്. അതായത്, അമാവാസിക്ക് മുൻപ് ഇരകളെ അവൻ കണ്ടെത്തുന്നു. അവർക്ക് 41 ദിവസം അണിയാൻ ആ മാല നൽകുന്നു. അതിനുശേഷം..."

ശിവ ആ വാചകം പൂർത്തിയാക്കാതെ നിർത്തി; ആ നിശ്ശബ്ദതയിൽത്തന്നെ ബാക്കി ഭീകരത എല്ലാവർക്കും വ്യക്തമായിരുന്നു.

0 comments:

Post a Comment

Related Posts with Thumbnails