Chapter 65
"ഇതെന്താണ് ശിവ, ഇപ്പോഴേ പേടിച്ചുപോയോ? ഇത്രയേ ഉള്ളോ ശിവയും ശിവയുടെ ടീമും? ഞാൻ കുറച്ചുകൂടി പ്രതീക്ഷിച്ചിരുന്നു!"
രഘുനാഥിന്റെ ചുണ്ടിൽ ഒരു വന്യമായ പുച്ഛം വിരിഞ്ഞു.
"നിനക്ക്... ഭ്രാന്താണ്!" ശിവയുടെ വലിഞ്ഞുമുറുകിയ തൊണ്ടയിൽ നിന്ന് ആ വാക്കുകൾ കനലോടെ പുറത്തേക്ക് ചാടി.
"ഹ... ഹ... ഹ!" ആ മുറിയിലാകെ അവന്റെ ഭ്രാന്തൻ ചിരി മുഴങ്ങി. "ഇത് ഭ്രാന്തല്ല ശിവ, അറിവാണ്! ലോകം തന്നെ കാൽക്കീഴിലെത്തിക്കാൻ സാധിക്കുന്ന പരമമായ അറിവ്! അതെന്താണെന്ന് നിനക്കറിയാമല്ലോ, ശിവ. നിന്നെ ഞാൻ ബാക്കി ആളുകളെക്കൂടി കാണിക്കാം. മറ്റു സ്റ്റേറ്റുകളിലെ പോലീസ് അന്വേഷിക്കേണ്ട കേസ് കൂടി ഇപ്പോൾ എന്റെ പാവം ശിവയുടെ തോളിലാണല്ലോ. പക്ഷേ, നീ മാത്രമാണ് എന്റെയടുത്തെത്തിയത്. ആകെ കബീർ സിംഗിന്റെ നാട്ടിലെ പോലീസ് മാത്രം പട്ടിയെപ്പോലെ മണംപിടിച്ചു നടക്കുന്നുണ്ട്. പണത്തിന്റെ ഒരു ശക്തി, അല്ലേ ശിവ? അപ്പോൾ എന്റെ കയ്യിൽ ഈ ലോകത്തിന്റെ മുഴുവൻ ശക്തി കിട്ടിയാൽ ഈ സിസ്റ്റമെല്ലാം എനിക്ക് മാറ്റാൻ പറ്റില്ലേ, ശിവ?"
"ബാക്കിയുള്ളവരോ...?" നൗഷാദിന്റെ ശബ്ദം വിറച്ചു.
"ലോകത്തിനെ മാറ്റണമെങ്കിൽ കുറെപ്പേർ ത്യാഗം ചെയ്യണം. ആ ത്യാഗികളാണ് അവർ!" രഘുനാഥ് ഒരു സിദ്ധാന്തം പോലെ തലയാട്ടി. "ജ്യോത്സനയുടെ മുഖം ഞാൻ എടുത്തത് അവളുടെ ആരെയും മയക്കാൻ ശേഷിയുള്ള സൗന്ദര്യം കാരണമാണെന്ന് നീ കരുതി, അല്ലേ ശിവ? എങ്കിൽ നിനക്ക് തെറ്റി! എനിക്ക് അവരുടെയെല്ലാം മുഖങ്ങൾ വേണമായിരുന്നു. മുഖമല്ലേ ഒരുവന്റെ ഐഡന്റിറ്റി!"
"നീ ഇങ്ങോട്ടൊന്ന് നോക്കിക്കേ ശിവ..."
രഘുനാഥ് ആ ഗ്ലാസ് ഭിത്തിക്കരികിലേക്ക് നടന്നു. ജ്യോത്സനയുടെ മുഖം സൂക്ഷിച്ചിരുന്ന ആ ഷെൽഫിന്റെ തുടർച്ചയായി കിടന്ന നീളമുള്ള ചെറിയൊരു കർട്ടൻ അവൻ ഒരൊറ്റ വലിക്ക് മാറ്റി.
ചോര മരവിപ്പിക്കുന്ന കാഴ്ച!
കാണാതായ ഓരോരുത്തരുടെയും അടർത്തിയെടുത്ത മുഖങ്ങൾ—രണജിത്, സത്യേന്ദ്ര പ്രസാദ്, സമീർ സിൻഹ, വിക്രം പാട്ടീൽ, രാഹുൽ റെഡ്ഡി, കബീർ സിംഗ്—ജ്യോത്സനയുടേതുപോലെ തന്നെ കൃത്യതയോടെ ആ ഗ്ലാസ് ബോക്സുകളിൽ തണുത്തുറഞ്ഞ് നിരന്നുകിടക്കുന്നു! ഓരോന്നിന്റെയും പിന്നിലെ ഗ്ലാസിൽ ആ മാലയിലെ അടയാളങ്ങൾ കൊത്തിവെച്ചിട്ടുണ്ടായിരുന്നു.
എന്നാൽ, അവയിലെ ആരക്കാലുകളുടെ എണ്ണത്തിൽ മാത്രം മാറ്റമുണ്ടായിരുന്നു; ക്രമമായി ഒന്നു മുതൽ ഏഴു വരെ വർദ്ധിച്ചുനിൽക്കുന്ന ഭീതിദമായ ആരക്കാലുകൾ!
തങ്ങളുടെ ആയുഷ്കാലത്തിനിടയിൽ കണ്ടിട്ടില്ലാത്ത ആ ചോരമരവിപ്പിക്കുന്ന കാഴ്ചയ്ക്കു മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ അവർ ഓരോരുത്തരും ശ്വാസമടക്കി സ്തംഭിച്ചുനിന്നു. ആ മരവിപ്പിന്റെ അന്തരീക്ഷത്തിലേക്കാണ് രഘുനാഥിന്റെ അടുത്ത ചോദ്യം വന്നു വീണത്.
"ഹേയ് രതീഷ്, നീയാണല്ലോ ശിവയുടെ ഗ്രേറ്റ് ഡാറ്റാ മൈനർ! നിന്റെ തലയിലേക്ക് ആ തോക്കു ചൂണ്ടിനിൽക്കുന്നത് ആരാണെന്ന് നിനക്കൊന്ന് മൈൻ ചെയ്തെടുക്കാമോ?"
അന്തംവിട്ട മുഖത്തോടെ രതീഷ് രഘുനാഥിനെയും പിന്നീട് തന്റെ പിന്നിൽ നിൽക്കുന്ന ആ ചെറുപ്പക്കാരനെയും മാറിമാറി തുറിച്ചുനോക്കി.
രഘുനാഥിന്റെ ചുണ്ടിൽ വീണ്ടും ആ ക്രൂരമായ ചിരി തെളിഞ്ഞു.
"ഇതാണ് നിങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്ന ജ്യോത്സനയുടെ കാമുകൻ... ആ 'കണ്ണൻ'! എന്റെ വളർത്തുമകൻ എന്ന് വേണമെങ്കിൽ പറയാം—അനിക് ഘോഷ്. എനിക്കിവനെ കൊൽക്കത്തയിൽ നിന്നാണ് കിട്ടിയത്, എന്റെ ആ പഴയ റിസർച്ച് കാലത്ത്. വളരെ നന്നായി മലയാളം പറയും. താൻ മലയാളിയല്ലെന്ന് അവൻ സ്വന്തം വായ തുറന്നു പറഞ്ഞാൽ മാത്രമേ ആർക്കും അത് മനസ്സിലാവൂ."
തോക്കുമായി നിൽക്കുന്ന അനിക്കിന്റെ നിർവികാരമായ മുഖത്തേക്ക് നോക്കിനിന്ന അവരെ രഘുനാഥിന്റെ അടുത്ത ചോദ്യം വീണ്ടും ഞെട്ടിച്ചു.
"നിങ്ങൾ എന്ത് അന്വേഷകരാണ് ശിവ? ഇവരുടെയെല്ലാം ബാക്കി ശരീരം എവിടെയെന്ന് ഇതുവരെ ചോദിക്കാത്തതെന്തേ?"
"ബാക്കി ശരീരം എവിടെ?" അജിത് പല്ലിറുമ്മിക്കൊണ്ട് മുന്നോട്ടാഞ്ഞു.
"അറിയണമെന്നുണ്ടോ? എങ്കിൽ നിങ്ങൾ എന്റെ പിന്നാലെ വാ... ആണുങ്ങൾ മാത്രം! രതീഷ് വരണ്ട. നീയല്ലേ ഇപ്പോൾ എന്റെ ഏറ്റവും വലിയ ബലം—എന്റെ പ്രിയപ്പെട്ട ഹോസ്റ്റേജ്! ഹ... ഹ... ഹ!"
രഘുനാഥിന്റെ ചിരി ആ തണുത്തുറഞ്ഞ മുറിയിൽ ഭീതിദമായി അലയടിച്ചു. തലയിൽ ചൂണ്ടിയ തോക്കിൻമുനയിൽ അനങ്ങാനാവാതെ നിൽക്കുന്ന രതീഷിനെയും വിറച്ചുതുള്ളുന്ന വിമലയെയും ഒരൊറ്റ നിമിഷം നിസ്സഹായരായി നോക്കിക്കൊണ്ട് ശിവയും നൗഷാദും അജിത്തും രഘുനാഥ് ചൂണ്ടിക്കാണിച്ച ആ ഇരുണ്ട വാതിലിലേക്ക് ഭാരമേറിയ മനസ്സോടെ കാലെടുത്തു വെച്ചു.
0 comments:
Post a Comment