ആ ഇരുണ്ട വാതിലിലേക്ക് കാലെടുത്തുവെക്കുന്നതിന് മുൻപ് ശിവ ഒരിക്കൽക്കൂടി പിന്നിലേക്ക് തിരിഞ്ഞുനോക്കി.
തോക്കുമുനയിൽ നിൽക്കുന്ന രതീഷ്. അവന്റെ അരികിൽ വിറച്ചുനിൽക്കുന്ന വിമല. ഒരു നിമിഷം ശിവയുടെ കണ്ണുകൾ വിമലയിൽ ഉറച്ചു. വിമലയും അതേ നിമിഷം ശിവയെ നോക്കി. വാക്കുകളൊന്നും ഉണ്ടായില്ല; പക്ഷേ ആ ഒരൊറ്റ നോട്ടത്തിൽ തന്നെ, “ഞങ്ങൾ തിരികെ വരും” എന്നൊരു നിശ്ശബ്ദ വാഗ്ദാനം ഇരുവർക്കുമിടയിൽ കടന്നുപോയതുപോലെ തോന്നി.
അടുത്ത നിമിഷം ശിവ തിരിഞ്ഞു. നൗഷാദും അജിത്തും പിന്നാലെ നടന്നു. രഘുനാഥ് ചൂണ്ടിക്കാണിച്ച ആ ഇരുണ്ട വാതിൽ കടന്ന് അവർ അകത്തേക്ക് പ്രവേശിച്ചു.
അവരുടെ മുന്നിൽ തുറന്നുകിടന്നത് മറ്റൊരു ലോകം പോലെയായിരുന്നു. ചുറ്റുമുള്ള ഭിത്തികളും നിലവും മേൽക്കൂരയും എല്ലാം മഞ്ഞ് കെട്ടിപ്പിടിച്ചിരിക്കുന്നതുപോലെ. അവരുടെ വായിൽനിന്ന് പുറത്തുവന്ന ഓരോ ശ്വാസവും വെളുത്ത പുകയായി പിരിഞ്ഞുയർന്നു. സൂചി കൊണ്ട് ശരീരത്തിനുള്ളിലേക്ക് കുത്തിയിറക്കുന്നതുപോലെയുള്ള തണുപ്പ്. അത് വെറും തണുപ്പായിരുന്നില്ല; എല്ലുകളെ തുളച്ചുകയറുന്ന ഒരു മരവിപ്പ്.
മുറിയുടെ നടുവിലായി, ഹിമത്തിന്റെ കൂടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നതുപോലെ ഒരു വലിയ സുതാര്യ ഗ്ലാസ് ബോക്സ്. അതിന്റെ ചുറ്റും നേർത്ത മഞ്ഞുപാളികൾ.
ബോക്സിനുള്ളിൽ... ഒരു ചെടി.
മറ്റൊന്നുമില്ല. മഞ്ഞിന്റെയും ഉരുക്കിന്റെയും നടുവിൽ, അസ്വാഭാവികമായി വളർന്നുനിൽക്കുന്ന ഒരു ജീവൻ. അതിന്റെ ഇലകളിൽ മങ്ങിയ വെളിച്ചം പതിക്കുന്നുണ്ടായിരുന്നു.
ശിവയുടെ കണ്ണുകൾ ആ ചെടിയിൽ പതിഞ്ഞു. അവൻ ഒരു പടി മുന്നോട്ട് വച്ചു.
മുറിയുടെ ഇടതുവശത്ത്, അതിൽ നിന്ന് അല്പം മാറി, ഒരു ഇരുമ്പ് മേശ. അതിനു മുകളിൽ... അമൻ കുമാർ. നഗ്നനായി മലർന്നു കിടക്കുന്നു. ബോധരഹിതൻ. ശരീരത്തിൽ യാതൊരു ചലനവുമില്ല. തണുത്ത വെളിച്ചം അവന്റെ ശരീരത്തിനുമേൽ വീണപ്പോൾ, അവൻ ജീവിച്ചിരിക്കുന്ന മനുഷ്യനോ അതോ മരവിച്ച ഒരു ശരീരമോ എന്ന് തിരിച്ചറിയാൻ പോലും ഒരു നിമിഷം ബുദ്ധിമുട്ടായി.
അവന്റെ മറുവശത്ത്... സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച, ആറടി ഉയരത്തോളം വരുന്ന ഒരു ഭീമൻ ബാരൽ. മുറിയിലെ ആ തണുത്ത വെളിച്ചത്തിൽ അതിന്റെ ലോഹശരീരം മങ്ങിയ പ്രതിഫലനം വിടർത്തി.
ചെടി.
അമൻ കുമാർ.
സ്റ്റീൽ ബാരൽ.
മഞ്ഞുപോലെ മരവിച്ച മുറി.
അവയ്ക്കിടയിൽ നിറഞ്ഞുനിന്നത് മരണത്തിന്റെ നിശ്ശബ്ദത മാത്രം.
ശിവ ഒന്നും പറയാതെ ആ കാഴ്ചയിലേക്ക് നോക്കി നിന്നു. അവന്റെ കണ്ണുകൾ പതുക്കെ ആ ചെടിയിൽ നിന്ന് അമൻ കുമാറിലേക്കും... അവിടെ നിന്ന് ആ ഭീമൻ സ്റ്റീൽ ബാരലിലേക്കും നീങ്ങി.
"ആ ചെടിയെ നോക്കിക്കേ ശിവ... എത്ര മനോഹരം, അല്ലേ? അതിലൊരു ചെറുപൂവ് വിടർന്നു വരുന്നത് നീ കണ്ടോ?"
രഘുനാഥിന്റെ ശബ്ദത്തിൽ വല്ലാത്തൊരു വശ്യത കലർന്നിരുന്നു.
അവർ സൂക്ഷിച്ചുനോക്കി. ആ ചെടിയുടെ ഏറ്റവും മുകളിലത്തെ ശിഖരത്തിന്റെ അറ്റത്തായി ഒരു പൂവ് വിടർന്നു വരുന്നുണ്ടായിരുന്നു. ഇളംനീല കലർന്ന വെളുത്ത ഇതളുകൾ.
"എന്റെ വർഷങ്ങളുടെ കാത്തിരിപ്പാണ് അത്..."
ശിവയും കൂട്ടരും ചോദ്യഭാവത്തിൽ രഘുനാഥിനെ നോക്കി.
"ഈ ചെടി നീ ഇതിനു മുൻപെവിടെയെങ്കിലും കണ്ടിട്ടുണ്ടോ? കാണാൻ വഴി കുറവാണ്. ഹിമത്തിന്റെ നാടുകളിൽ മാത്രം വളരുന്ന ഒരു കാട്ടുചെടി—ഹിമാലയൻ വൈൽഡ് ആപ്രിക്കോട്ട് (Himalayan Wild Apricot)."
"ആപ്രിക്കോട്ടോ?" നൗഷാദ് സംശയത്തോടെ ആവർത്തിച്ചു.
"അതെ, ഹിമാലയത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ മാത്രം സ്വാഭാവികമായി വളരുന്ന കാട്ടിനം. അത് നല്ല ഓറഞ്ച് നിറമുള്ള ഫലങ്ങൾ നൽകും. അതിന്റെ പൂക്കൾ ഇളംപിങ്ക് നിറത്തിൽ, അഞ്ച് ഇതളുകളുള്ളതാണ്." രഘുനാഥ് തുടർന്നു:
"എന്നാൽ ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. ഇതിന്റെ ജീവിതകാലത്ത് ഒരൊറ്റ ഫലം മാത്രം നൽകി സ്വയം നശിച്ചുപോകുന്ന ഒരിനം! ഇതിന്റെ പൂക്കൾ ശ്രദ്ധിച്ചോ? ഇളംനീല കലർന്ന വെളുപ്പ്! നീ സയൻസ് പഠിച്ചിട്ടുണ്ടോ ശിവ? ഫിബനാച്ചി നമ്പറുകളെക്കുറിച്ച് (Fibonacci series) കേട്ടിട്ടുണ്ടോ?"
രഘുനാഥിന്റെ ചുണ്ടിൽ ഒരു ഭ്രാന്തൻ ചിരി വിടർന്നു.
"ഒന്ന്, ഒന്ന്, ഒന്നും ഒന്നും രണ്ട്, രണ്ടും ഒന്നും മൂന്ന്, മൂന്നും രണ്ടും അഞ്ച്, അഞ്ചും മൂന്നും എട്ട്, എട്ടും അഞ്ചും പതിമൂന്ന്... ഇങ്ങനെ പോകുന്ന സംഖ്യകൾ. നമ്മുടെ പ്രകൃതി 99 ശതമാനവും ഈ കണക്കിലാണ് സൃഷ്ടി നടത്തുന്നത്. ഗോൾഡൻ റേഷ്യോ! നമ്മുടെ കൈകാലുകളുടെ എല്ലുകളുടെ നീളം മുതൽ പൂക്കളുടെ ഇതളുകൾ വരെ എല്ലാം ഈ അനുപാതത്തിലാണ്."
രഘുനാഥ് ആ ഗ്ലാസ് ഭിത്തിയിലേക്ക് ഒന്നുകൂടി അടുത്തുചെന്നു.
"എന്നാൽ സാധാരണ അഞ്ചിതളുകളുള്ള ആപ്രിക്കോട്ട് ചെടിയിൽ നിന്നും മാറി, പ്രകൃതിയെത്തന്നെ വെല്ലുവിളിച്ചുകൊണ്ട് ഈ ചെടിക്ക് ഒൻപത് ഇതളുകളുണ്ട് ശിവ! ഒൻപത് ഇതളുകൾ! അതിൽ ഒരേയൊരു ഫലമേ ഉണ്ടാകൂ... ആ അത്ഭുതപ്പഴത്തിനായിട്ടാണ് ഞാൻ കാത്തിരിക്കുന്നത്!"
അയാൾ പറയുന്നത് എന്തിനെക്കുറിച്ചാണെന്ന് പൂർണ്ണമായി ഗ്രഹിക്കാൻ കഴിയാതെ, ശിവയും നൗഷാദും അജിത്തും ഒരു നിമിഷം അന്തംവിട്ടു നിന്നുപോയി.
രഘുനാഥിന്റെ വിരലുകൾ ആ ഗ്ലാസ് ബോക്സിന്റെ ഏറ്റവും താഴെ, ചെടിയുടെ വേരുകൾ പടർന്നുനിൽക്കുന്ന അടിത്തട്ടിലേക്ക് ചൂണ്ടി.
"ആ ചെടി നിൽക്കുന്ന ചുവട് കണ്ടോ നീ? അത് മണ്ണല്ല ശിവ... നീ അന്വേഷിച്ചുനടക്കുന്നവരുടെ ശരീരങ്ങളാണ് അത്!"
"വാട്ട്?!"
ശിവയുടെ തൊണ്ടയിൽ നിന്ന് സർവ്വനിയന്ത്രണവും വിട്ട് ഒരു അലർച്ച പുറത്തേക്ക് പാഞ്ഞു.
അവൻ ആ ഗ്ലാസ് ഭിത്തിയിലേക്ക് ഉറ്റുനോക്കി. കട്ടപിടിച്ച മഞ്ഞിന്റെ അടിയിൽ, വേരുകൾ ആഴ്ന്നിറങ്ങിയിരിക്കുന്നത് മണ്ണിലല്ല; അഴുകിയും മരവിച്ചും ഇഴചേർന്നു കിടക്കുന്ന മനുഷ്യമാംസത്തിലേക്കും അസ്ഥിളിലേക്കുമാണ്! ആ കാഴ്ച കണ്ട നൗഷാദിന്റെയും അജിത്തിന്റെയും അടിവയറ്റിൽ നിന്നും ഒരു കൊടുംതണുപ്പ് ഇരച്ചുകയറി.
"നീ... നീ എന്തൊരു നരാധമനാണെടാ!" ശിവയുടെ കൈകൾ സ്വയമറിയാതെ വിറച്ചു, കണ്ണുകൾ ചോരക്കണ്ണുകളായി മാറി.
രഘുനാഥ് അത് കണ്ട് പൊട്ടിച്ചിരിച്ചു.
"നരാധമനോ? അല്ല ശിവ, ഒരു ക്രിയേറ്റർ! എട്ട് വ്യത്യസ്ത പ്രതിഭകൾ... അവരുടെ ജീവരക്തവും മജ്ജയും ഊറ്റിക്കുടിച്ച് വളരുന്ന ഒരൊറ്റ ദിവ്യസസ്യം! അവരുടെ കോശങ്ങളിലെ ജീവന്റെ സത്ത മുഴുവൻ ആ വേരുകൾ ആവാഹിച്ചുകഴിഞ്ഞു. അവരുടെ ശരീരത്തിലെ പരമാണുക്കൾ ഒരിടത്തേക്കും പോകാതെ ആ ചെടിയിലേക്ക് പകർന്നു ശിവ. ഇനി അവശേഷിക്കുന്നത് ദാ, ആ മേശപ്പുറത്തു കിടക്കുന്ന ഇവൻ മാത്രമാണ്—അമൻ കുമാർ! ഇവന്റെ മാംസം കൂടി ആ വേരുകളിലേക്ക് അലിഞ്ഞുചേരുന്നതോടെ, ഒൻപതാമത്തെ ഇതളിന്റെ നടുവിൽ ആ അത്ഭുതഫലം പാകമാകും!"
രഘുനാഥിന്റെ വിരലുകൾ ആ സ്റ്റെയിൻലെസ് സ്റ്റീൽ ബാരലിനു നേരെ നീണ്ടു.
"ഈ കാണുന്ന ബാരൽ എന്താണെന്ന് നിനക്കറിയാമോ? അമന്റെ ശരീരത്തിലെ ഓരോ കോശത്തെയും നിമിഷങ്ങൾക്കകം ദ്രാവകമാക്കി മാറ്റാൻ ഇതിലെ എൻസൈമുകൾക്ക് കഴിയും. അവന്റെ ആത്മാവിന്റെ അംശം പോലും പാഴാകാതെ ആ വേരുകളിലേക്ക് പമ്പ് ചെയ്യപ്പെടും. ചിന്തിച്ചുനോക്ക് ശിവ, സൗന്ദര്യം, ബുദ്ധി, കായികശേഷി, ഓർമ്മ... മനുഷ്യരാശിയുടെ എല്ലാ ഗുണങ്ങളും കൂടിച്ചേർന്ന ആ അമൃത്... ആ ഒറ്റപ്പഴം ഞാൻ ഭക്ഷിക്കുന്നതോടെ ഞാൻ വെറുമൊരു ചരിത്രധ്യാപകൻ രഘുനാഥ് മാത്രമായിരിക്കില്ല! പ്രകൃതിയുടെ നിയമങ്ങളെ തിരുത്തിയെഴുതുന്ന പുതിയ കാലത്തിന്റെ ദൈവമായിരിക്കും!"
0 comments:
Post a Comment