പേജുകള്‍‌

Wednesday, September 9, 2026

KSBI – ഇൻക്യൂബേറ്റ്: ദ എഗ്ഗ്സ് 64

 "നിങ്ങൾ...!"

അമ്പരപ്പ് ഒട്ടും മാറാതെ ശിവയുടെ നാവു കുഴഞ്ഞു.

"അതെ, ഞാൻ തന്നെ." രഘുനാഥ് കൃഷ്ണൻ തന്റെ ചുണ്ടിലെ ആ ചിരി ഒന്നുകൂടി വിടർത്തി.

"ആ പിന്നെ... കാപ്പിയോ അതോ ചായയോ? വീട്ടിലേക്ക് വരുന്ന അതിഥികളെ സത്കരിക്കണമല്ലോ," വളരെ കൂൾ ആയും എന്നാൽ കടുത്ത പരിഹാസത്തോടെയും അയാൾ ചോദിച്ചു.

"എഴുന്നേൽക്കടാ!"

നൗഷാദ് തന്റെ തോക്ക് രഘുനാഥിന്‍റെ നെറ്റിക്ക് നേരെ ഒന്നുകൂടി നീട്ടിപ്പിടിച്ചുകൊണ്ട് അലറി.

"ഇങ്ങനെ ടെമ്പറാകാതെ നൗഷാദേ... ചുമ്മാ ഒന്ന് തിരിഞ്ഞു നോക്കിക്കേ."

രഘുനാഥിന്‍റെ  ആ പരിഹാസവാക്കുകൾ കേട്ട് അവർ പിന്നിലേക്ക് നോക്കി.

തലയിൽ ചൂണ്ടിയ തോക്കിന്റെ മുനയിൽ പകച്ചുനിൽക്കുന്ന രതീഷും വിമലയും! രതീഷിന്റെ തൊട്ടുപിന്നിലായി, കണ്ണുകളിൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ തോക്കുമായി നിൽക്കുന്നു സുമുഖനായ ഒരു ചെറുപ്പക്കാരൻ.

"അപ്പൊ എല്ലാവരും തോക്കൊക്കെ താഴെ വെച്ച് നല്ലകുട്ടികളായി ഇവിടെ മാറി നിന്നേ..." രഘുനാഥ് ആജ്ഞാപിച്ചു.

തുടർന്ന് ശിവയെ നോക്കി അയാൾ കണ്ണിറുക്കി: "ശിവ, നിന്റെ ആ സായിപ്പ് ഡിറ്റക്ടീവിനെക്കൂടെ വിളിച്ചേ അകത്തേക്ക്!"

തോക്കുകൾ താഴെ വെച്ച്, രഘുനാഥിന്റെ മുന്നിലായി ശിവയും നൗഷാദും വിമലയും അജിത്തും നിസ്സഹായാവസ്ഥയിൽ നിരന്നുനിന്നു. അവർക്ക് അല്പം വശത്തായി, തലയിലേക്ക് എയിം ചെയ്തുപിടിച്ച തോക്കിന്റെ മുനയിൽ ഭയന്നുവിറച്ച് രതീഷും. ഡാനിയേലും ഒപ്പമുള്ളവരും പുറത്ത് എവിടെയാണെന്നത് ആ അന്തരീക്ഷത്തിലെ വലിയൊരു പിരിമുറുക്കമായി ശിവയുടെ മനസ്സിൽ നീറിപ്പുകഞ്ഞു.

"നിനക്ക് ഒത്തിരി സംശയങ്ങൾ ഉണ്ടായിരിക്കും, അല്ലേ ശിവ?" രഘുനാഥ് സോഫയിൽ നിന്ന് പതുക്കെ എഴുന്നേറ്റു.

മുഖത്ത് ഒരു നിഗൂഢമായ വിജയച്ചിരി വിരിഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.

"ഞാൻ ഒരു രഹസ്യം കാണിച്ചു തരട്ടെ, ശിവ..."

രഘുനാഥ് ടീപോയിന്മേലിരുന്ന ചെറിയൊരു റിമോട്ട് കയ്യിലെടുത്തു. അതിലെ ചുവന്ന ബട്ടണിൽ അവന്റെ തള്ളവിരൽ പതിയെ അമർന്നു.

ഒരു നേർത്ത മൂളലോടെ ആ മുറിയിലെ വലിയ ഹൈഡ്രോളിക് മെക്കാനിസം പ്രവർത്തിച്ചു തുടങ്ങി. രഘുനാഥിന്റെ പിന്നിലായി നിന്നിരുന്ന കട്ടിയുള്ള കോൺക്രീറ്റ് ഭിത്തി പതിയെ താഴേക്ക്, ഭൂമിയുടെ അടിത്തട്ടിലേക്ക് എന്നവണ്ണം താഴ്ന്നുപോയി.

ഭിത്തി പൂർണ്ണമായി അപ്രത്യക്ഷമായ നിമിഷം, അവർക്കു മുന്നിൽ അവിശ്വസനീയമായ ഒരു കാഴ്ചയുടെ വിസ്മയലോകം തെളിഞ്ഞുവന്നു!

ഹിമാലയത്തിലെ മഞ്ഞുമൂടിയ ഒരു പർവ്വതപ്രദേശം പോലെയായിരുന്നു ആ മുറി. അതിശൈത്യത്തിന്റെ നേർത്ത പുകപടലങ്ങൾ തളംകെട്ടിനിന്ന ആ ശീതീകരിച്ച അറയെ, കട്ടിയുള്ള ഒരു സുതാര്യമായ ഗ്ലാസ് ഭിത്തി മാത്രമാണ് അവരിൽ നിന്നും വിഭജിച്ചു നിർത്തിയിരുന്നത്.

"പേടിക്കാതെ മുന്നോട്ട് വാ, ശിവ..."

രഘുനാഥിന്റെ ശബ്ദത്തിൽ ക്രൂരമായ ആനന്ദം തുളുമ്പിനിന്നു. അവൻ പതിയെ ആ ഗ്ലാസ് ഭിത്തിക്കരികിലേക്ക് നടന്നു.

"നിനക്ക് ആദ്യം അറിയേണ്ടത് നിന്റെ ആ സുന്ദരിക്കുട്ടി ജ്യോത്സന എവിടെയെന്നല്ലേ? ദാ... ഇവിടെ!"

രഘുനാഥ് തന്റെ വലതുവശത്തേക്ക് വിരൽ ചൂണ്ടി.

അവിടെ, നീലവെളിച്ചം വീഴുന്ന ഒരു ചതുര ഗ്ലാസ് ബോക്സ്. അതിനുള്ളിൽ തണുത്തുറഞ്ഞു കിടക്കുന്നു... ജ്യോത്സനയുടെ മുഖം മാത്രം! കണ്ണുകൾ അടഞ്ഞ്, ജീവന്റെ ഒരു തുടിപ്പുമില്ലാതെ, ഒരു ശില്പം പോലെ അത് പ്രദർശിപ്പിച്ചിരിക്കുന്നു. ആ ബോക്സിന്റെ പിൻഭാഗത്തെ ഗ്ലാസിൽ, ആ മാലയിലെ ലോക്കറ്റിലുണ്ടായിരുന്നതുപോലുള്ള ഒറ്റ ആരക്കാലുള്ള ഒരു ചിഹ്നം കൃത്യമായി കൊത്തിവെച്ചിട്ടുണ്ടായിരുന്നു.

"ഒരു തുള്ളി ചോര പോലും അവളുടെ ഞാൻ നഷ്ടപ്പെടുത്തിയില്ല!"

ഭ്രാന്തന്റേതുപോലൊരു വന്യമായ പുഞ്ചിരിയോടെ രഘുനാഥ് തലയാട്ടി.

"അത്ര കൃത്യതയോടെയാണ് ഞാൻ അവളുടെ മുഖത്തെ ആ സുന്ദരമായ തൊലി ഒരൊറ്റ പാട് പോലും വീഴാതെ ചെത്തിയെടുത്തത്... പെർഫെക്റ്റ് ആർട്ട്!"

ഷോക്കടിച്ചതുപോലെ സ്തംഭിച്ചുപോയ ശിവയ്ക്കും കൂട്ടർക്കും ആ വാക്കുകൾ കിലോമീറ്ററുകൾക്കപ്പുറത്തുനിന്ന് എക്കോ ചെയ്യുന്നതുപോലെയാണ് കാതുകളിൽ വന്നലച്ചത്. ശിവയുടെ കൈകാലുകൾ തണുത്തുവിറച്ചു; കണ്ണുകളിൽ ചോരയിരച്ചുകയറി.

0 comments:

Post a Comment

Related Posts with Thumbnails