പേജുകള്‍‌

Wednesday, September 9, 2026

KSBI – ഇൻക്യൂബേറ്റ്: ദ എഗ്ഗ്സ് 62

 റൂമിലെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് ആ തീരുമാനം വായുവിൽ മുഴങ്ങിനിന്നു. ഡാനിയേൽ ഉൾപ്പെടെ എട്ടുപേരും കോഴിക്കോട് എയർപോർട്ടിലേക്ക് തിരിക്കാൻ ഒരൊറ്റ മനസ്സോടെ സജ്ജരായി.

ശിവ തന്റെ മേശപ്പുറത്തിരുന്ന  പിസ്റ്റളിലേക്ക് കൈനീട്ടി. തണുത്തുറഞ്ഞ ആ ഇരുമ്പുതുണ്ട് അവൻ കൈപ്പിടിയിലൊതുക്കി.

ക്ലിക്ക്... ക്ലാക്ക്.

ഒരു സിനിമാറ്റിക് ഷോട്ടിലെന്നപോലെ ആ മെറ്റാലിക് ശബ്ദം മുറിക്കുള്ളിൽ മുഴങ്ങി. പിസ്റ്റൾ ലോഡ് ചെയ്തുകൊണ്ട് ശിവ തലയുയർത്തി നൗഷാദിനെയും അജിത്തിനെയും നോക്കി. അവന്റെ കണ്ണുകളിൽ കത്തുന്ന ഒരു തീപ്പൊരിയുണ്ടായിരുന്നു.

"നൗഷാദ്, അജിത്... നിങ്ങളുടെ റിവോൾവറുകൾ എടുത്തോളൂ."

ഒരു നിമിഷം കൊണ്ട് ഇരുവരുടെയും സർവീസ് റിവോൾവറുകൾ തയ്യാറായി. തുടർന്ന് ശിവ തിരിഞ്ഞത് ഡാനിയേൽ ഹോതോണിന് നേരെയായിരുന്നു. അവന്റെ തോളിൽ അമർത്തിപ്പിടിച്ചുകൊണ്ട് ശിവ പറഞ്ഞു:

"ഡാനിയേൽ, നീ നിവൃത്തിയുണ്ടെങ്കിൽ യാതൊരു ആക്ഷനും എടുക്കരുത്. കാരണം നീ ഒരു വിദേശിയാണ്. ഇവിടെ എന്തെങ്കിലും നിയമപ്രശ്നമോ ആപത്തോ ഉണ്ടായാൽ നിനക്ക് തിരിച്ചു ലണ്ടനിലേക്ക് പോകാൻ കുറെ കാലമെടുക്കും."

ഡാനിയേലിന്റെ മുഖത്തെ ശാന്തത തകർന്നു. അവന്റെ ചുണ്ടുകൾ കോടി, കണ്ണുകളിൽ വല്ലാത്തൊരു വന്യത തിളങ്ങി. തനി ലണ്ടൻ തെരുവുകളുടെ പരുക്കൻ ശൈലിയിൽ അവൻ ചീറി:

"എവിടെയും പോയില്ലെങ്കിലും എനിക്ക് ഒരു കുഴപ്പവുമില്ല ശിവ... ആ മദർഫക്കറെ പൂട്ടണം! അത്രമാത്രം!"

ഓഫീസിന്റെ  പോർച്ചിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കറുത്ത എസ്‌യുവികളുടെയും എൻജിനുകൾ ഒരേസമയം ഇരമ്പിത്തുടങ്ങി. ആയുധങ്ങളുമായി എട്ടുപേരും രണ്ട് വണ്ടികളിലായി കയറി. ഏറ്റവും ഒടുവിൽ, നെഞ്ചോടു ചേർത്തുവെച്ച ലാപ്ടോപ്പും തോളിൽ തൂക്കിയ വയറുകളുമായി രതീഷും ചാടിക്കയറി ഡോർ വലിച്ചടച്ചു.

ടയറുകൾ ടാറിട്ട റോഡിൽ തെന്നിമാറി പുകച്ചുരുളുകൾ ഉയർത്തിക്കൊണ്ട് ആ രണ്ട് വാഹനങ്ങളും  ഹൈവേയിലെ ഇരുട്ടിലേക്ക് ഇരച്ചുപാഞ്ഞു.

ദേശീയപാതയിലൂടെയുള്ള ചീറിപ്പാച്ചിലിനിടയിൽ ശിവ തന്റെ ഫോണെടുത്തു. ഓപ്പറേഷന്റെ കൃത്യമായ വിവരങ്ങൾ ഐജി രവികുമാറിനെയും ADGP തോമസ് കുര്യനെയും അവൻ ധരിപ്പിച്ചു. ഒപ്പം ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിനും വിവരം കൈമാറി. സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കിയ ഐജിയും ADGP-യും അടിയന്തരമായി നേരിട്ട് കരിപ്പൂരിലേക്ക് തിരിക്കുമെന്ന് അറിയിച്ചു.

വൈകുന്നേരം കൃത്യം 5:30.

മലപ്പുറം ജില്ലയിലെ കരിപ്പൂർ, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡൊമസ്റ്റിക് അറൈവൽ ടെർമിനൽ. വൈകുന്നേരത്തെ മങ്ങിയ വെളിച്ചത്തിൽ എയർപോർട്ട് പരിസരം പതിവുപോലെ ആളുകളെക്കൊണ്ട് വീർപ്പുമുട്ടുകയായിരുന്നു. ടാക്സി ഡ്രൈവർമാരുടെ ബഹളങ്ങൾ, ട്രോളികൾ നിരങ്ങിനീങ്ങുന്ന ശബ്ദം, കാത്തുനിൽക്കുന്ന യാത്രക്കാരുടെ ബന്ധുക്കൾ... മഴക്കാറുകൾ മൂടിയ ആകാശത്തിന് താഴെ ഒരു സാധാരണ സായാഹ്നത്തിന്റെ തിരക്ക്. എന്നാൽ ആ ആൾക്കൂട്ടത്തിനിടയിൽ പലയിടങ്ങളിലായി ശിവയും നൗഷാദും അജിത്തും വിമലയും റോയിയും സജിയും  കണ്ണുവെട്ടിച്ചു നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു.വണ്ടിയിലിരുന്ന് രതീഷ് സിസിടിവി ക്യാമറകളെ തന്റെ വിരൽത്തുമ്പിൽ നിർത്തി. ആ വണ്ടിയുടെ ഡ്രൈവിംഗ് സീറ്റില്‍ സ്ടിയരിങ്ങില്‍ താളം പിടിച്ചു അക്ഷമനായി ഡാനിയേലും.

ഗ്ലാസ് ഡോറുകൾ തുറന്ന് പുറത്തേക്ക് വരുന്ന ഓരോ മുഖങ്ങളിലേക്കും അവർ ആകാംക്ഷയോടെ കണ്ണുനട്ടു. ഫോട്ടോയിൽ കണ്ട അതേ ആൾ തന്നെയോ ഓരോന്നും എന്ന് ഓരോ സെക്കൻഡിലും അവരുടെ കൃഷ്ണമണികൾ പരിശോധിച്ചുകൊണ്ടിരുന്നു.

ഒടുവിൽ, ആ നിമിഷം എത്തിക്കഴിഞ്ഞു!

ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഗ്ലാസ് ഡോറുകൾ വകഞ്ഞുമാറി, അറൈവൽ കോറിഡോറിലൂടെ തോളിലൊരു ബാഗും തൂക്കി പതിയെ നടന്നു വരുന്ന അമൻ കുമാർ.

അതേ നിമിഷം അവരുടെ ഞരമ്പുകളിൽ രക്തം ഇരച്ചുകയറി. ആ ഒൻപതാമനെ, ലോകം കീഴടക്കാമെന്ന് സ്വപ്നം കണ്ട് ചോരക്കളി നടത്തുന്ന ആ കൊടും ക്രൂരതയെ എല്ലാ തെളിവുകളോടും കൂടി തൊണ്ടിസഹിതം പൂട്ടാൻ അവർ എട്ടുപേരും ശ്വാസമടക്കിപ്പിടിച്ച് പൂർണ്ണസജ്ജരായി.

നടന്നടുക്കുന്ന അമൻ കുമാറിന്റെ യാത്രയ്ക്കുവേണ്ടി എന്നവണ്ണം,  തിരക്കുകളെ വകഞ്ഞുമാറ്റി ഒരു കറുത്ത കിയ കാർ അവിടെയെത്തി. കറുപ്പിച്ചു മിനുക്കിയ വിൻഡോ ഗ്ലാസുകളുള്ള, നമ്പർ പ്ലേറ്റുകൾ പോലും നിഴൽവീണ് വ്യക്തമല്ലാത്ത ഒരു പുത്തൻ കിയ കാർണിവൽ . ടയറുകൾ പതിഞ്ഞൊരു മൂളലോടെ അമൻ കുമാറിന്റെ തൊട്ടുമുന്നിലായി സഡൻ ബ്രേക്കിട്ട് നിന്നു.

ഒരു നിമിഷം പോലും പാഴാക്കാതെ, ശിവയും നൗഷാദും അജിത്തും അരയിൽ നിന്ന് ഊരിയെടുത്ത ലോഡ് ചെയ്ത തോക്കുകളുമായി ആ വാഹനത്തിനു നേരെ അതിവേഗത്തിൽ പാഞ്ഞടുത്തു.

കാറിന്റെ പിൻവാതിൽ തനിയെ തുറന്നു. അമൻ കുമാർ ഒരു കാൽ അകത്തേക്ക് വെച്ച് കയറിയ അതേ നിമിഷം—

എവിടെനിന്നെന്നറിയാതെ, ആൾക്കൂട്ടത്തിനിടയിലെ നിഴലിൽനിന്ന് മുഖം പൂർണ്ണമായി മറച്ച ഒരു കറുത്ത ക്യാപ് ധരിച്ചയാൾ കാറിന്റെ തൊട്ടുമുന്നിൽ മിന്നൽപോലെ പ്രത്യക്ഷപ്പെട്ടു! 

അയാളുടെ കയ്യിൽ ഇരുകൈകളും ചേർത്തുപിടിച്ച് നേരെ കാറിലേക്ക് ചൂണ്ടിയ ഒരു തോക്കുണ്ടായിരുന്നു.

അയാളുടെ വിരലുകൾ തോക്കിന്റെ ട്രിഗറിലേക്ക് അമരുന്നത് കണ്ട ആ നിർണായക നിമിഷം, മറ്റൊരു ചിന്തയ്ക്കും ഇടംകൊടുക്കാതെ അജിത്തിന്റെയും നൗഷാദിന്റെയും തോക്കുകൾ ഒരേസമയം ഗർജ്ജിച്ചു!

ഠോ... ഠോ!

ഒരു വെടിയുണ്ട അയാളുടെ തോക്കുപിടിച്ച വലതുകൈപ്പത്തി തുളച്ചു കയറി; തൊട്ടടുത്ത വെടിയുണ്ട ഇടതുകാലിന്റെ മുട്ടിൽ തറച്ചു.

"നോ...!" ശിവയുടെ അലർച്ച അന്തരീക്ഷത്തിൽ മുഴങ്ങി.

വേദനകൊണ്ടു പുളഞ്ഞ് ആ മനുഷ്യൻ കാറിനു മുന്നിലേക്ക് മുട്ടുകുത്തി വീഴാനാഞ്ഞു. എന്നാൽ, ആ നിമിഷം കാറിന്റെ ആക്സിലറേറ്റർ ഇരമ്പി. മുന്നോട്ട് കുതിച്ചുപാഞ്ഞ ആ കറുത്ത കിയ കാർ അയാളെ അതിശക്തമായി ഇടിച്ചുതെറിപ്പിച്ചു! വായുവിൽ ഉയർന്നുമറിഞ്ഞ് അയാൾ റോഡിലെ ടാറിലേക്ക് തെറിച്ചുവീണു.

"ആ കാറിനെ വിടരുത്!" തന്റെ കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന ഡാനിയേലിനോടായി ശിവ തൊണ്ടകീറി വിളിച്ചുകൂവി.

എന്നാൽ ആ ആജ്ഞയ്ക്കു കാത്തുനിൽക്കാതെ തന്നെ ഡാനിയേൽ എസ്‌യുവി മുന്നോട്ട് ആഞ്ഞെടുത്തു കഴിഞ്ഞിരുന്നു.

വെടിയൊച്ചകളും കാറുകളുടെ ഇരമ്പലും കേട്ട് എയർപോർട്ട് പരിസരമാകെ നിലവിളികളും ആളുകളുടെ പരക്കംപാച്ചിലും കൊണ്ട് പ്രകമ്പനം കൊണ്ടു. ഭയന്നോടുന്ന ആൾക്കൂട്ടത്തിനിടയിലൂടെ ചോരയിൽ കുളിച്ചുകിടക്കുന്ന ആ മനുഷ്യന്റെ അടുത്തേക്ക് ശിവയും നൗഷാദും പാഞ്ഞടുത്തു.

റോഡിൽ കമിഴ്ന്നുകിടന്ന അയാളെ ശിവ വേഗത്തിൽ മലർത്തിക്കിടത്തി. മുഖം മറച്ചിരുന്ന ആ കറുത്ത മാസ്ക് ശിവ ഒരൊറ്റ വലിക്ക് പറിച്ചെറിഞ്ഞു.

മാസ്ക് മാറിയ നിമിഷം ശിവയും നൗഷാദും ശരിക്കും ഞെട്ടിത്തരിച്ചുപോയി!

ചോരയൊലിക്കുന്ന മുഖവുമായി മരണവെപ്രാളത്തിൽ മുന്നിൽ കിടക്കുന്നത് മറ്റാരുമായിരുന്നില്ല—ഡോക്ടർ സുദേവ് അനിരുദ്ധൻ ആയിരുന്നു!

0 comments:

Post a Comment

Related Posts with Thumbnails