ചോരയൊലിച്ചു പടർന്ന കണ്ണുകൾ കഷ്ടപ്പെട്ട് തുറന്ന് സുദേവ് ശിവയുടെ മുഖത്തേക്ക് നോക്കി. വലിഞ്ഞുമുറുകിയ ആ ചുണ്ടുകളിൽ നിന്ന് ശ്വാസം മുട്ടിയ വാക്കുകൾ പുറത്തുവന്നു:
"അവനെ... വിടരുത്... ഞാനല്ല... നിങ്ങൾക്കു വേണ്ട ആൾ... ഞാൻ... ഞാൻ..." സുദേവിന്റെ വാക്കുകൾ വിക്കിനിന്നു. ചോര തുപ്പിയ തൊണ്ടയിൽ നിന്ന് ഒരു നേർത്ത മൂളലോടെ അയാൾ തുടർന്നു: "ആ വണ്ടിയിൽ... അവനാണ്... അവന്റെ..."
വാചകം പൂർത്തിയാക്കാനാവാതെ സുദേവിന്റെ കണ്ണുകൾ മുകളിലേക്ക് മറിഞ്ഞു; ശരീരം തളർന്ന് റോഡിലേക്ക് നിശ്ചലമായി വീണു. ബോധം മറഞ്ഞു കഴിഞ്ഞിരുന്നു.
"സജി, റോയ്!" ശിവ ശബ്ദമുയർത്തി വിളിച്ചു. "ഇവനെ പെട്ടെന്ന് ആശുപത്രിയിലെത്തിക്ക്! യാതൊരു കാരണവശാലും ഇവൻ മരിക്കരുത്!"
ശിവ ചുറ്റും ഭയന്നോടുന്ന ആൾക്കൂട്ടത്തിലേക്കും എയർപോർട്ട് സെക്യൂരിറ്റിയിലേക്കും ഒരു നിമിഷം കണ്ണോടിച്ചു. വെടിയൊച്ചയും കാറിടിച്ചുള്ള വീഴ്ചയും ഉണ്ടാക്കിയ ആഘാതത്തിൽ എയർപോർട്ട് പരിസരം അപ്പാടെ സ്തംഭിച്ചുപോയിരുന്നു. ഓടിയെത്തിയ എയർപോർട്ട് പോലീസിനോടും സിഐഎസ്എഫ് (CISF) ഉദ്യോഗസ്ഥരോടും ശിവ തന്റെ ഐഡി കാർഡ് ഉയർത്തിക്കാട്ടി അതിവേഗം കാര്യങ്ങൾ വിശദീകരിച്ചു:
"കേരള സ്‌പെഷ്യൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (KSBI) ആണ്! ഒരു ക്രിമിനൽ സംഘം നടത്തിയ ബോധപൂർവ്വമായ ആക്രമണമാണിത്. ആരും പരിഭ്രാന്തരാകേണ്ടതില്ല, സാഹചര്യം ഞങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണ്. ആ കാറിലുള്ളത് അതീവ അപകടകാരിയായ ഒരു ക്രിമിനലാണ്, ഞങ്ങൾ അവരെ ചേസ് ചെയ്യുകയാണ്.
റോയി, സജി... വിമാനത്താവള അധികൃതരെക്കണ്ട് ഇതൊരു ആക്‌സിഡന്റും ഷൂട്ടൗട്ടുമായി മാത്രം ചുരുക്കി ഒരു പബ്ലിക് പാനിക് ഉണ്ടാകാതെ നോക്കണം. ഐജിയും എഡിജിപിയും മിനിറ്റുകൾക്കകം ഇവിടെയെത്തും, അവരോട് ഗ്രൗണ്ട് ഡീറ്റെയിൽസ് കൃത്യമായി ബ്രീഫ് ചെയ്തേക്ക്!"
തന്റെ ടീമിന് ആ നിർണായക നിർദ്ദേശം നൽകിയ ശേഷം ശിവ അടുത്ത നീക്കത്തിലേക്ക് പാഞ്ഞു:
"നൗഷാദ്, വണ്ടിയെടുക്ക്! വിമല, അജിത്... വേഗം കയറ്! നമുക്ക് ഡാനിയേലിന്റെ പിന്നാലെ വിടണം!"
വണ്ടിയിലേക്ക് ചാടിക്കയറുന്നതിനിടയിൽ ശിവ അലറി: "കോൾ രതീഷ്!"
വൈകുന്നേരത്തെ തിരക്കിന്റെ പീക്ക് ടൈം. കേരളത്തിലെ വീതികുറഞ്ഞ റോഡുകളിൽ ബസ്സുകളും കാറുകളും ഇരുചക്രവാഹനങ്ങളും തിങ്ങിനിറഞ്ഞു നിരങ്ങിനീങ്ങുകയായിരുന്നു.
ആ ട്രാഫിക്കിലൂടെ വളഞ്ഞുപുളഞ്ഞ് മുന്നോട്ടു പാഞ്ഞ കറുത്ത കിയ കാർ, അല്പനേരത്തിനകം ഡാനിയേലിന്റെ കാഴ്ചയിൽ നിന്നും പൂർണ്ണമായി മറഞ്ഞു.
"ഫക്ക്!"
മുഴുവൻ അരിശവും ഡാനിയേൽ സ്റ്റിയറിംഗ് വീലിൽ ആഞ്ഞടിച്ചുകൊണ്ട് തീർത്തു. വണ്ടിയുടെ ഹോൺ ഒരു നിലവിളിപോലെ അന്തരീക്ഷത്തിൽ മുഴങ്ങി.
അതേ നിമിഷം അവന്റെ ചെവിയില്‍ രതീഷിന്റെ ശബ്ദം കൃത്യതയോടെ ഇടിച്ചു കയറി:
"പേടിക്കേണ്ട, മുന്നോട്ടു പൊയ്ക്കോ! വഴി ഞാൻ പറയാം. ആ വണ്ടിയിലുള്ള ഫോൺ ലൊക്കേഷൻ ഞാൻ ട്രാക്ക് ചെയ്തു!"
റോഡുകളിലൂടെ തലങ്ങും വിലങ്ങും സൈറൺ മുഴക്കിക്കൊണ്ട് ആ കിയ കാറിനെ അന്വേഷിച്ച് പോലീസ് ജീപ്പുകൾ പാഞ്ഞുനടന്നു. എന്നാൽ അതിനേക്കാൾ വലിയ വെപ്രാളത്തിലും തിരക്കിലുമായിരുന്നു ടിവി ചാനലുകളുടെ വണ്ടികൾ. ലൈവ് ക്യാമറകളുമായി റോഡുകളിൽ അവർ ഉണ്ടാക്കിവെച്ച ഗതാഗതക്കുരുക്ക് പോലീസിന്റെ നീക്കങ്ങളെപ്പോലും വരിഞ്ഞുമുറുക്കി.
കിട്ടിയ അവസരം പരമാവധി റീച്ചാക്കാൻ മൊബൈൽ ക്യാമറകളും മൈക്കുകളുമായി ബൈക്കുകളിൽ പറന്നുനടക്കുന്ന ന്യൂ-ജെൻ ഓൺലൈൻ ചാനലുകാരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും കൂടി നിരന്നതോടെ ആ പ്രദേശം അക്ഷരാർത്ഥത്തിൽ ഒരു കുരുതിക്കളമായി മാറി.
എന്നാൽ, ആൾക്കൂട്ടത്തിന്റെയും മാധ്യമങ്ങളുടെയും ഇത്രയും വലിയ ബഹളങ്ങൾക്കിടയിലും, ആ കറുത്ത കിയ കാറിനെ മാത്രം ആർക്കും കണ്ടെത്താൻ കഴിഞ്ഞില്ല. അത് എങ്ങോ അപ്രത്യക്ഷമായിരുന്നു.
രതീഷ് അയച്ചുകൊടുത്ത ലൈവ് ലൊക്കേഷൻ മാപ്പ് പിന്തുടർന്ന്, വിജനവും ഇടുങ്ങിയതുമായ ഏതെല്ലാമോ ഗ്രാമവഴികൾ പിന്നിട്ട് ഒടുവിൽ ശിവയും സംഘവും ഡാനിയേലും രതീഷും പാർക്ക് ചെയ്തിരുന്ന വണ്ടിയുടെ അടുത്തെത്തിച്ചേർന്നു.
രാത്രിയുടെ കട്ടപിടിച്ച ഇരുട്ടിൽ, കാറിന്റെ മറവിൽ പതുങ്ങിനിൽക്കുകയായിരുന്ന ഡാനിയേലും രതീഷും ശിവയേയും ബാക്കി ടീമിനെയും കണ്ടതും ഒരു നിമിഷം ആശ്വാസത്തോടെ മുന്നോട്ടുവന്നു.
കുറച്ചകലെയായി, വിജനമായ പറമ്പിന് നടുവിൽ പകുതി മറഞ്ഞുനിൽക്കുന്ന ഒരു പഴയ ഇരുനില വീടിനു നേരെ വിരൽചൂണ്ടി ഡാനിയേൽ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:
"ആ വന്ന അമൻ കുമാറിനെ തോളിൽ തൂക്കിയെടുത്തുകൊണ്ട് ഒരാൾ ആ വീട്ടിലേക്ക് കയറിയിട്ടുണ്ട്. ഞങ്ങൾ നിങ്ങൾ വരുന്നതുവരെ കാത്തുനിൽക്കുകയായിരുന്നു. അതിനകത്ത് എന്തൊക്കെയാണെന്ന് ഇപ്പോൾ അറിയില്ലല്ലോ."
ശിവയുടെ നിർദേശപ്രകാരം അവർ നിശ്ശബ്ദരായി മുന്നോട്ടു നീങ്ങി. ഡാനിയേലും രതീഷും ഇരുട്ടിന്റെ മറപറ്റി വീടിന്റെ വശങ്ങളിലേക്ക് നീങ്ങി നിലയുറപ്പിച്ചു.അവർക്കു തൊട്ടുപിന്നാലെ പടപടാ മിടിക്കുന്ന ഹൃദയവുമായി വിമലയും
തോക്കുകൾ നെഞ്ചോടു ചേർത്തുപിടിച്ച് ശിവയും നൗഷാദും,അജിത്തും വീടിന്റെ പ്രധാന വാതിലിനരികിലെത്തി. നൗഷാദും അജിത്തും ഭിത്തിയോട് ചേർന്ന് വാതിലിന്റെ ഇരുവശങ്ങളിലുമായി പതുങ്ങിനിന്നു.
ശിവ കൈനീട്ടി മുൻവാതിൽ പതിയെ തള്ളി. പൂട്ടിയിരുന്നില്ല; ചാരിയിട്ടതുപോലെ അത് പാതി തുറന്നുകിടക്കുകയായിരുന്നു.
"മടിക്കേണ്ട ശിവ... കടന്നു പോരെ. നിന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഞാൻ."
അകത്തുനിന്നും അസാധാരണമായ ഗാംഭീര്യവും ശാന്തതയും നിറഞ്ഞ ഒരു ശബ്ദം പുറത്തേക്കൊഴുകി വന്നു.
ഒരു നിമിഷം പോലും പാഴാക്കാതെ തോക്കു ചൂണ്ടിക്കൊണ്ട് ശിവ വാതിൽ ആഞ്ഞുതള്ളി തുറന്നു.
എന്നാൽ മുന്നിലെ കാഴ്ച കണ്ട് ശിവ അമ്പരന്നു തരിച്ചുപോയി!
വിശാലമായ ആ ലിവിംഗ് റൂമിന്റെ നടുക്കായി, ഒരു ആഡംബര സോഫയിൽ കാലിന്മേൽ കാൽ കയറ്റിവെച്ച്, ചുണ്ടിൽ നേർത്തൊരു ചിരിയോടെ ചാരിയിരിക്കുന്നു—ഡോ. രഘുനാഥ് കൃഷ്ണൻ!
0 comments:
Post a Comment