പേജുകള്‍‌

Wednesday, April 18, 2012

ആനപ്പക 1


നീണ്ട നാലുമാസത്തെ അജ്ഞാതവാസത്തിനുശേഷം തിരിച്ചു വരുമ്പോള്‍ എന്തെഴുതണം എന്ന വിഷമത്തില്‍ നില്‍ക്കുമ്പോഴാണ് ഞങ്ങളുടെ സ്വന്തം വര്‍ക്കിച്ചേട്ടന്‍ വടിയും കുത്തി വഴിയെ പോകുന്നത് കണ്ടത്. ഏകദേശം നൂറു വയസ്സിനടുത്ത് പ്രായം കാണും പഴയ മണ്ണായതു കൊണ്ട് ഇപ്പോഴും എണീറ്റുനടക്കുന്നു. ചെറുപ്പത്തില്‍ ഈരാറ്റുപേട്ടയില്‍ നിന്നും ഇങ്ങോട്ട് കുടിയേറിയതാണ്. ഇദ്ദേഹത്തെ ബന്ധപ്പെടുത്തി പഴയ കുടിയേറ്റക്കാരുടെ ഇടയില്‍ പറഞ്ഞു കേള്‍ക്കുന്ന ഒരു കഥ ആവട്ടെ ഇന്ന്.
        ജന്തുക്കളില്‍ മനുഷ്യന്‍ കഴിഞ്ഞാല്‍ ഏറ്റവും ബുദ്ധി ഉള്ളത് ആനയാണ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അതുപോലെ തന്നെ പക സൂക്ഷിക്കുന്നതിലും ആന മുന്‍പിലാണ്. പക വീട്ടിയ ഒരു ആനക്കൂട്ടത്തിന്റെ കഥ.

       കുടിയേറ്റത്തിന്റെ ആദ്യ കാലം. മണ്ണില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകനും കന്നിമണ്ണും ചേര്‍ന്ന് വിസ്മയം സൃഷ്ടിച്ച സമയം. അസൗകര്യങ്ങള്‍  മറന്നു നല്ല നാളേക്ക് വേണ്ടി അദ്വാനിക്കുന്ന മനുഷ്യന്‍.  മണ്ണിനോടും മൃഗങ്ങളോടും മലമ്പനിയോടും ഒരുപോലെ അവന്‍ മല്ലിട്ടു. കപ്പയും കാച്ചിലും ചേമ്പും നെല്ലും എല്ലാം അവനുണ്ടാക്കി.  കാട്ടുജന്തുക്കളെ ഭയന്ന് ഏറുമാടത്തില്‍ താമസിച്ചു അവന്‍.
           വര്‍ക്കിച്ചേട്ടന്റെ എറുമാടവും വെട്ടിയെടുത്ത സ്ഥലവും നിറഞ്ഞൊഴുകുന്ന ഒരു തോടിനോട് ചേര്‍ന്നായിരുന്നു. നല്ല വളക്കൂറുള്ള മണ്ണ്. വെള്ളവും അടുത്ത്‌. നന്നായി പണിയെടുക്കുന്ന ആളായതിനാല്‍ ആവശ്യത്തിലും അധികം വിളവും.  അങ്ങേരുടെ ഏറുമാടം വലിയൊരു മരുതിന്റെ മുകളിലാണ് ഉണ്ടാക്കിയിരുന്നത്. ഭാര്യയും അഞ്ചു മക്കളും ഉള്‍പെട്ട കുടുംബം. പകല്‍ ആഹാരം പാകംചെയ്യലും എല്ലാം നിലമാടത്തില്‍. നേരം മയങ്ങി തുടങ്ങുമ്പോഴേക്കും എല്ലാവരും ഏറുമാടത്തില്‍ കയറും.  ആനയിറങ്ങും അതിനാലാണ് ഈ പണിപ്പാട്.
           ആന കൃഷിയിടത്തില്‍ എത്തിയാല്‍ അടുത്തടുത്ത്‌ താമസിക്കുന്നവര്‍ ഓരിയിട്ടും പാട്ടകൊട്ടിയും ഒക്കെയായി അവയെ അകറ്റും. അതാണ്‌ പതിവ്.
           അന്നും പതിവുപോലെ കുരിശും വരച്ചു വര്‍ക്കിച്ചേട്ടനും കുടുംബവും കിടന്നു.  കുറെ കഴിഞ്ഞപ്പോള്‍ അകലെ നിന്നും ആളുകള്‍ ബഹളം ഉണ്ടാക്കുന്നതു കേട്ടു.
               "കര്‍ത്താവേ ആന ഇറങ്ങിയെന്നാ തോന്നുന്നേ ?" ഭാര്യയോടായി പറഞ്ഞു കൊണ്ട് ടോര്‍ച്ചും എടുത്തു വാതില്‍ തുറന്നു.
            "പൂയ്‌.... " അടുത്തുള്ള ആളുകളെ അറിയിക്കുന്നതിനായി വര്‍ക്കി നീട്ടി കൂവി.
            "വര്‍ക്കിയെ.. പൂയ്‌.. ആനക്കൂട്ടമാടാ ഇറങ്ങിയെക്കുന്നെ  നീ പാട്ടയെടുത്തു കൊട്ടടാ.. " തൊട്ടടുത്ത മാടത്തില്‍ നിന്നും നാരായയന്‍ വിളിച്ചു പറഞ്ഞു.
            താഴെ നിന്നും കമ്പുകള്‍ ചവിട്ടി ഓടിക്കുന്നതിന്റെയും ചവിട്ടുന്നതിന്റെയും ചെവി ആട്ടുന്നതിന്റെയും എല്ലാം ഒച്ച കേള്‍ക്കാം. തന്റെ കയ്യില്‍ ഇരുന്ന ടോര്‍ച് താഴേക്കു തെളിച്ചു നോക്കിയ വര്‍ക്കി കാണുന്നത് കതിരിടാറായി വരുന്ന തന്റെ നെല്ലിനകത്തു മലപോലെ ആനകള്‍ നിരന്നു നിന്ന്, അത് പറിച്ചു ആസ്വദിച്ചു തിന്നുന്നതാണ്. ഒന്നും ചെയ്യാന്‍ പറ്റാത്തതിനാല്‍ എല്ലാവരെയും വിളിച്ചേല്‍പ്പിച്ചു പാട്ട എടുത്തു കൊണ്ടുവന്നു കൊട്ടിയും ബഹളം ഉണ്ടാക്കുകയും ഒക്കെ ചെയ്തു. ബഹളം കേട്ടിട്ടാണോ അതോ വയര്‍ നിരഞ്ഞ്ട്ടാണോ അവ കുറെ നേരം കഴിഞ്ഞപ്പോള്‍ പതിയെ കാട്ടിലേക്ക് പോയി.
              നേരം വെളുത്തു തന്റെ ഭൂമിയിലേക്ക് നോക്കിയ  വര്‍ക്കി തകര്‍ന്നു പോയി പകുതിയോളം തകര്‍ത്തു നിരപ്പാക്കിയിരിക്കുന്നു. നാട്ടില്‍ നിന്നും തലച്ചുമടായി കൊണ്ടുവന്നു നട്ട ഒരൊറ്റ തെങ്ങിന്‍ തൈ പോലും ഇല്ല എല്ലാം തിന്നു മുടിചിരിക്കുന്നു. നെല്ലും കപ്പയും എല്ലാം. മറ്റുള്ള ആളുകളുടെയും അവസ്ഥ ഇത് തന്നെ.
                 അടുത്ത ദിവസവും ഇത് തന്നെ ആവര്‍ത്തിച്ചു നല്ല മേച്ചില്‍ പുറം കണ്ടതിനാല്‍  അത് തീരാതെ ആനക്കൂട്ടം മാറില്ല.
                അടുത്ത ദിവസം വര്‍ക്കി എന്തോ തീരുമാനിചിട്ടെന്നവണ്ണം എല്ലാരോടുമായി പറഞ്ഞു
              "ഇനി ആ മ... കല്‍ എന്റെ പറമ്പില്‍ കേറിയാല്‍ ഞാന്‍ ശരിക്ക് കൊടുത്തേ വിടൂ.... പിന്നീവഴിയെ വരാത്തവിധം"
               "എടാ വേണ്ടാതീനം ഒന്നും കാണിച്ചേക്കെല്ലെടാ... " പ്രായമായവര്‍ ഉപദേശിച്ചു.
                 "ഓ...."
               അന്നും പതിവുപോലെ ആനകള്‍ കലാപരിപാടി ആരംഭിച്ചു.  അപ്പോള്‍ വര്‍ക്കി തന്റെ ഏറുമാടത്തില്‍ ഇരുന്ന് പകല്‍ കരുതി വച്ച നീളമുള്ള കാട്ടുകമ്പുകള്‍ കവരച്ചു കൂട്ടികെട്ടി, എന്നിട്ട് അതില്‍ നല്ലവണ്ണം പഴംതുണി ചുറ്റിക്കെട്ടി. പഴംതുണിയില്‍ നല്ലവണ്ണം മണ്ണെണ്ണ ഒഴിച്ച് കുതിര്‍ത്തു. അത്തരത്തില്‍ മൂന്നെണ്ണം ശരിയാക്കി. തന്റെ മാടത്തിന്റെ അടുത്തേക്ക് ആനക്കൂട്ടം വരുന്നതും കാത്തിരുന്നു.
          പതിയെ തിന്നു ആര്‍മാദിച് പാവം ആനകള്‍ തങ്ങള്‍ക്കു മുകളില്‍ ഉള്ള കെണി അറിയാതെ മാടത്തിന്റെ അടിയില്‍ എത്തി.
             അവസരം കാത്തിരുന്ന ചെന്നായെ പോലെ വര്‍ക്കി ആദ്യത്തെ പന്തത്തിനു തീ കൊളുത്തി. താഴെ നില്‍ക്കുന്ന ആനയുടെ പുറത്തേക്കു കവരച്ചു പിടിച്ചു പന്തം ഇട്ടു. കൃത്യമായി അത് ആനയുടെ പുറത്തു തന്നെ വീണു.
             അവിടം നടുങ്ങുന്ന ഒച്ചയില്‍ ആന അലറിവിളിച്ചു കൊണ്ട് ഓടി. എന്താണെന്ന് അറിയാതെ ബാക്കി കൂട്ടവും പുറകെ ചിന്നം വിളിച്ചുകൊണ്ട് ഓടി. പുറത്തിരിക്കുന്ന പന്തം കളയാന്‍ ആവുന്നതും ശ്രമിച്ചുകൊണ്ട് വേകുന്ന ശരീരവുമായി ആ പാവം മിണ്ടാപ്രാണി പ്രാണഭയത്തോടെ കാണിക്കുന്ന വെപ്രാളം ക്രൂരമായ പ്രതികാരത്തിന്റെ ആനന്ദത്തോടെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ വര്‍ക്കി നോക്കിക്കൊണ്ട് നിന്നു.
            പിന്നീട് കുറെ നാളേക്ക് ആനക്കൂട്ടം ആ വഴി വന്നെ ഇല്ല. തന്റെ പ്രയോഗം ഏറ്റു എന്ന് കരുതി വര്‍ക്കി എല്ലാവരോടും തന്റെ വീരകൃത്യം വിവരിച്ചു.
            "ഇനി എത്ര എണ്ണം വന്നാലും ഞാന്‍ പണി കൊടുക്കും നോക്കിക്കോ"
             കുറെ നാളുകള്‍ക്കു ശേഷം ഒരു രാത്രി. നല്ല മഴയും.  എന്തൊക്കെയോ ഓടിച്ചു തതകര്‍ക്കുന്നത് പോലൊരു ഒച്ചകേട്ടു എഴുന്നേറ്റ വര്‍ക്കി, തന്റെ ടോര്‍ച്ച് എടുത്തു പുറത്തേക്കു അടിച്ചു നോക്കി.
            താഴെ നിറഞ്ഞൊഴുകുന്ന തോടിന്റെ കരയില്‍ ആനക്കൂട്ടം നില്‍ക്കുന്നു.

(തുടരും..........)

0 comments:

Post a Comment

Related Posts with Thumbnails