അരിയാന്‍ രാജമാന്നാന്‍ |
- അശകോ നിന്താര് ഏടെച്ചാ ?
- തിക്കിലാത്തതി ?
- ഏടെക്ക് മണ്ടിനാ ?
- നെശമാന കുഞ്ഞിക്കാട്
- ശരിയാന മോകര്‍
- മത്താളം ചൂടാ കൊള്ളി കൊണ്ടു ബരീ
- തീക്കൊള്ളി ഏടുത്തു ബരീനാ
- ചെന്നെല്ലാം ഏടെ കൂരേന്നു ബന്തു ?
വെളിയനുക്ക് തിക്കിലാത്തതി ? ഒഹ്.....; ----- ഇവനെന്താ പാതിരാത്രിക്ക് പേടി സ്വപ്നം കണ്ടെഴുന്നേറ്റവന്റെ പോലെ പിച്ചും പേയും പറയുന്നേ എന്ന് വിചാരിക്കേണ്ട. ഇത് ഒരു ജനതതിയുടെ സംസാര ഭാഷയാണ്. ഇന്ത്യന്‍ മഹാരാജ്യത്തിനുള്ളില്‍ തന്നെ സ്വന്തമായി രാജ്യവും, രാജാവും, മന്ത്രിയും, പോലീസും, പ്രജകളും രാജകൊട്ടരവും ഉള്ള ഒരു വിഭാഗത്തിന്‍റെ - മന്നാന്‍ സമുദായത്തിന്റെ.
ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ കോഴിമല ആണ് ഇവരുടെ ആസ്ഥാനം. ഇവിടിരുന്നുകൊണ്ടാണ് ഇടുക്കിയുടെ പലഭാഗങ്ങളിലായി ചിതറികിടക്കുന്ന പ്രജകളെ രാജാവ് ഭരിക്കുന്നത്. അരിയാന്‍ (ആര്യന്‍) രാജമാന്നാന്‍ ആണ് ഇപ്പോഴത്തെ രാജാവ്. കാണിക്കാരന്‍ എന്നറിയപ്പെടുന്ന മന്ത്രിമാരാണ് ഓരോ കുടികളുടെയും ഭരണകര്‍ത്താക്കള്‍. കൊലപാതകം ഒഴിച്ചുള്ള എല്ലാ കേസുകളും ഇവരുടെ ഊരുകൂട്ടം തീര്‍പ്പ് കല്പിക്കും. മണിയാറന്കുടി,തോപ്രാങ്കുടി, വാത്തിക്കുടി, മുരിക്കാട്ടുകുടി, മണിപ്പാറ,പണിക്കംകുടി,പഴയരിക്കണ്ടം തുടങ്ങിയ കുടികളിലായി ഇവര്‍ ചിതറിക്കിടക്കുന്നു.
ഇവരുടെ ജീവചരിത്രമോ രീതികളോ ഞാന്‍ വിവരിക്കുന്നില്ല. ഞാന്‍ ഒരു പത്ത് വര്‍ഷത്തിനു ശേഷം ഇവരുടെ വിളവിറക്കല്‍ ഉത്സവമായ കാലാവൂട്ട് (മന്നാക്കൂത്ത്) ഈ വര്ഷം കാണാനിടയായി. ശരിക്കും ഞാന്‍ നിരാശനായി പോയി. പത്ത് വര്ഷം മുന്‍പ് ഞാന്‍ കണ്ട കൂത്തിന്റെ നിഴലായോ കൊലംകെട്ടല്‍ ആയോ തോന്നി എനിക്ക്. അന്ന് ഞാന്‍ കണ്ടത് മഹത്വരമായ തലമുറകള്‍ കൈയ്മാറിവന്ന കലാരൂപം ആയിരുന്നു.
ഇന്നോ നാട്ടുകാര്‍ അഥവാ ബുദ്ധിജീവികള്‍ എന്ന് നടിക്കുന്ന കുറെ പുന്ഗന്മാര്‍, അവരെ അവരുടെ സംസ്കാരം പഠിപ്പിക്കാന്‍ കൂടിയിട്ടുണ്ട്. ഇപ്പോഴത്തെ കൂത്തിന് മന്നാന്മാര്‍ ഈന്തിന്റെ ഇലയും ഉടുത്തുകൊണ്ട് ആണ് നൃത്തം ആടുന്നത്. ഇത് വിദേശികളെ ആകര്‍ഷിക്കും എന്നാണു ഈ ബുജി. കോപ്പന്മാര്‍ പറയുന്നത്. ഇവനൊക്കെ പള്ളിക്കൂടവും കണ്ടിട്ടില്ല എന്നുമാത്രമല്ല, ചരിത്ര പുസ്തകം വാങ്ങി പാറ്റക്കും ചിതലിനും തിന്നാന്‍ കൊടുക്കുകയും ആണെന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയുമാണ്. സംഘ കാലത്തില്‍ തമിഴ്നാട്ടിലെ മധുരയില്‍ നിന്നും ജീവഭയത്തോടെ സഹ്യന്റെ മലമടക്കുകളിലേക്ക് കയറിയ ആളുകളാണ് ഇവര്‍. സംഘകാലത്ത് ആളുകള്‍ ഇലയല്ല ഉടുത്തു നടന്നിരുന്നത് എന്ന് ആറാം ക്ലാസ്സില്‍ പഠിക്കുന്ന കൊച്ചുകുഞ്ഞിനും അറിയാം എന്നിട്ടും.
ഇതിനു മുന്‍പത്തെ രാജാവായിരുന്ന തേവര്‍ രാജമാന്നാന്‍ പറഞ്ഞ ഒരു സംഭവം ഉണ്ട്. നാട്ടുകാരനായ ഒരു മുതലാളി(കൂരയ്ക്കു മേല്‍ കൂര ബച്ചവന്‍) ഒരു പാവം മന്നാനെ പറ്റിച്ചു മുപ്പതു ഏക്കര്‍ സ്ഥലം വാങ്ങിയ കഥ.
പഴയരികണ്ടത്തു ഒരു മന്നാന് മുപ്പതു ഏക്കര്‍ സ്ഥലം ഉണ്ടായിരുന്നു. അടുത്തു താമസിക്കുന്ന രണ്ടു മൂന്നു നാട്ടുകാര്‍ക്ക് ആ ഭൂമിയില്‍ നോട്ടവും ഉണ്ടായിരുന്നു. അവര്‍ ഒരു ദിവസം ആ പാവത്തിനെ സമീപിച്ചു സ്ഥലത്തിനു വിലപറഞ്ഞു 1500 രൂപ, മന്നാന്‍ സമ്മതിക്കുമോ? പുള്ളി ഒരു വില പറഞ്ഞു തൊള്ളായിരം രൂപ. അവസാനം തര്‍ക്കിച്ചു തര്‍ക്കിച്ചു നാട്ടുകാര്‍ തൊള്ളായിരം രൂപയ്ക്കു കച്ചവടം ഉറപ്പിച്ചു. മന്നാന്‍ ഹാപ്പി. പിറ്റേന്നു പണവും ആയി വരാമെന്നു പറഞ്ഞു ചേട്ടന്മാര്‍ പോയി. എന്നാല്‍ ആ പണമെന്കിലും നേരെ ചൊവ്വിനു കൊടുത്തോ ?
പിറ്റേന്നു ചേട്ടന്മാര്‍ പണവുമായി വന്നു. മന്നാനോട് പറഞ്ഞു "നീ മുറം എടുത്തോണ്ട് വാടാ എന്ന്". മുറവും ആയി വന്ന മന്നാന്റെ കയ്യിലിരുന്ന മുറത്തിലേക്ക് ഒരു രൂപയുടെ നോട്ടു കെട്ടുകള്‍ പൊട്ടിച്ച് ഉയര്‍ത്തി വളച്ചു പിടിച്ചു വിതറി. പാവം മന്നാന്‍ മൂന്നാമത്തെ കെട്ടായപ്പോഴേക്കും തന്റെ മുറം നറഞ്ഞു എന്ന് കണ്ടു പറഞ്ഞു. ഓഹ്..... മതി തമ്പ്രാ മതി എനക്ക് മതി പറമ്പ് നെനക്കുതന്നെ ?
എങ്ങനുണ്ട് 300 രൂപയ്ക്കു 30 ഏക്കര്‍ വാങ്ങിയ പരിപാടി. ഇത്പോലെ ഒരു കെട്ട് പുകയിലക്കും ഒരു കുപ്പി ചാരായത്തിനും എല്ലാം നാട്ടുകാര്‍ ഇവരുടെ ഭൂമി തട്ടിയെടുത്തിട്ടുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ മുന്‍കൈയെടുത്തു ഇവരുടെ സ്ഥലം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നത്. ഇടുക്കിയിലെ കട്ടപ്പന ടൗണിന്റെ ഏതാണ്ട് മുക്കാല്‍ പങ്കോളം ഇവരില്‍നിന്നും ഇത്തരത്തില്‍ തട്ടിയെടുത്ത ഭൂമിയാണ്. എന്നാല്‍ ഇപ്പോള്‍ ഈ പരിപാടിയൊന്നും അവരുടെ അടുത്ത് നടക്കില്ല. പുതുതലമുറക്ക് അത്യാവിശം വിദ്യാഭ്യാസം ആയിട്ടുണ്ട്.
നാട്ടുകാര്‍ക്ക് രസകരമായി തോന്നാവുന്ന രണ്ടു കഥകള്‍ കൂടി.
ഒരു പത്തിരുപതു വര്ഷം മുന്‍പ് ഒരു മന്നാന്‍ ഒരു കേസിന് സാക്ഷിയായി കോടതിയില്‍ വന്നു. കീഴ്‌കോടതിയിലെ വിധിക്കെതിരെ ജില്ലാകോടതിയില്‍ അപ്പീല്‍ പോയി. അവിടെ സാക്ഷി വിസ്താരം. ജഡ്ജി മന്നാനോട് എന്താണ് കണ്ടത് എന്ന് ചോദിച്ചു. മന്നാന്‍ കുറെ നേരം ജഡ്ജിയെ കലിപ്പിച്ചു നോക്കിനിന്ന ശേഷം പറഞ്ഞു "അത് ഞാന്‍ നിന്റെ തന്തെനാരോട് പറഞ്ഞിട്ടുണ്ട് " കോടതി ശരിക്കും ഞെട്ടിപ്പോയി. പെട്ടന്ന് തന്നെ APP എഴുന്നേറ്റ് കാര്യങ്ങള്‍ വിശദീകരിച്ചു. എന്താണെന്ന് വച്ചാല്‍ കീഴ്കോടതിയിലെ ജഡ്ജി ജില്ലാ കോടതിയിലെ ജട്ജിയെക്കാള്‍ പ്രായമുള്ള ആളായിരുന്നു. ഇവരുടെ രീതിയനുസരിച്ച് പ്രായമുള്ള ആളോട് ഒരു കാര്യം പറഞ്ഞു തീര്‍പ്പായാല്‍ പിന്നെ ഒരു കാരണവശാലും ഇളപ്പമുള്ളവരോട് പറയേണ്ട കാര്യമില്ല. ഹോ... നമ്മളെങ്ങാനും ആയിരുന്നേല്‍....
ഒരു നാല് വര്ഷം മുന്‍പ് ചേലച്ചുവടിനു അടുത്ത് ഒരു ജീപ്പ് ഓട്ടോയും ആയി കൂട്ടിയിടിച്ചു ഓട്ടോക്കാരന് ലൈസന്‍സ് ഇല്ലാത്തതിനാല്‍ ഡ്രൈവര്‍ മാറി. പോലീസ് വന്നു ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ ആരാണെന്നു ചോദിച്ചു ഡമ്മി ഡ്രൈവര്‍ റെഡി. എന്നാല്‍ ജീപ്പില്‍ ഉണ്ടായിരുന്ന ഒരു മന്നാന്‍ ചേടത്തി ഇത് കണ്ടു യഥാര്‍ത്ഥ ഡ്രൈവറെ ചൂണ്ടി SI യോട് പറഞ്ഞു "സാര്‍ അന്ത ബൂറിമോന്‍ അല്ല ആ ബൂറിമോന്‍ ആണ് സാര്‍ വണ്ടി ഓടിച്ചു കൊണ്ടിരുന്നത്"
നാട്ടുകാരുമായി ഇടകലര്‍ന്ന് ഇവരുടെ തനതായ സംസ്കാരം ഇപ്പോള്‍ വളരെ അധികം മാറിയിട്ടുണ്ട്. എന്നിരുന്നാലും ഇവരുടെ കലകളെ എങ്കിലും നമുക്ക് വെറുതെ വിട്ടുകൂടെ. അല്ലെങ്കില്‍ പണ്ടൊരിക്കല്‍ അവരുടെ പറമ്പില്‍ കയറി ഒരു തേങ്ങാ എടുത്തതിനു ഒരു ചേടത്തി എന്നെ ചീത്ത വിളിച്ചതുപോലെ " നാട്ടുക്കാരു താ--ളികള്‍ ഒക്കെ ബന്തോളും. മന്നാന്മാര്‍ നാട്ടുക്കാരുടെ പറമ്പില്‍ കേറുന്നുണ്ടോടാ" വിളിക്കേണ്ടി വരും.
ഓഫ്: മുകളില്‍ പറഞ്ഞിരിക്കുന്നവയുടെ അര്‍ത്ഥം. ഇത് ഒരു പ്രത്യേക താളത്തില്‍ നീട്ടലോടും കുറുക്കലോടും കൂടി ഉച്ചത്തില്‍ ആണ് ഇവര്‍ സംസാരിക്കുന്നത്. ശരിക്കും അത് കേട്ടാല്‍ മാത്രമേ അതിന്റെ ഒഴുക്ക് നമുക്ക് പിടികിട്ടുകയുള്ളൂ.
- ആശകോ നിന്താര് ഏടെച്ചാ ? =അശോകാ നിന്റെ അച്ഛന്‍ എവിടെ പോയി?
- തിക്കിലാത്തതി ?= മനസ്സിലായോ ?
- ഏടെക്ക് മണ്ടിനാ ?=എവിടേക്ക് പോകുന്നു ?
- നെശമാന കുഞ്ഞിക്കാട് =നല്ല കുട്ടി (നെഗറ്റീവ് )
- ശരിയാന മോകര്‍ =നല്ല മുഖശ്രീ (നെഗറ്റീവ്)
- മത്താളം ചൂടാ കൊള്ളി കൊണ്ടു ബരീ =മദ്ദളം ചൂടാക്കാന്‍ തീ കൊണ്ട് വരിക
- തീക്കൊള്ളി ഏടുത്തു ബരീനാ=തീക്കൊള്ളി എടുത്തു കൊണ്ട് വരൂ
- ചെന്നെല്ലാം ഏടെ കൂരേന്നു ബന്തു ?= ഈ പിള്ളേരെല്ലാം ഏതു വീട്ടില്‍ നിന്നും വരുന്നു ? (കളിയാക്കല്‍)
- വെളിയനുക്ക് തിക്കിലാത്തതി ? ഒഹ്..... = വിവരമുള്ളവര്‍ക്ക് എന്തേലും മനസ്സിലായോ ? ഇല്ലഅല്ലെ...
തലക്കെട്ടിന്റെ അര്‍ത്ഥം- ഒരു മന്നാന്‍ പണിക്ക് പോകുന്ന വഴിയില്‍ ആന നില്‍ക്കുന്നു അപ്പോള്‍ ആനയോട് പറഞ്ഞതാണ് പിടയാന ആയതുകൊണ്ട് വല്യമ്മച്ചി ആയി
വല്യമ്മച്ചി അക്കത്തിലെ അക്കത്തിലെ മണ്ട്, കുഞ്ചിക്കാടെല്ലാം പഞ്ചാനെ =വല്യമ്മച്ചി അരികിലേക്ക് അരികിലേക്ക് നീങ്ങിക്കെ, കുട്ടികള്‍ എല്ലാം പട്ടിണിയാണ്.
aashamsakal.................
ReplyDeleteഇതു കൊള്ളാലോ മാഷെ.
ReplyDelete