........ ഈ പ്രപഞ്ചത്തിലുള്ള ഏതെങ്കിലും ഒന്ന് നശിച്ചാൽ അത് പരമാണുക്കളായി പിരിഞ്ഞ് ജലം, വായു, ഭൂമി, അഗ്നി എന്നിവയിൽ ലയിക്കുന്നു. ഏതെങ്കിലും ഒരിക്കൽ ആ പരമാണുക്കൾ എല്ലാം ഒന്നുചേർന്നാൽ അവിടെ പുനർജന്മം സാധ്യമാകും.
(ബുദ്ധമത ചിന്ത)
"നീ എന്തിനു ഭയക്കുന്നു? ഈ ലോകത്തിന്റെ ഭാവിയെ പ്രകാശമാനമാക്കാനുള്ള അവസരം നിനക്ക് വന്നതിൽ ആഹ്ലാദിക്കുകയല്ലേ വേണ്ടത്?"
മുകളിലായി പ്രകാശിക്കുന്ന ലൈറ്റിൽ നിന്നുമുള്ള വെളിച്ചത്തിൽ ഭയന്ന കണ്ണുകളോടെ, അനങ്ങാൻ പോലുമാവാതെ ആറടിക്കു മേൽ നീളമുള്ള ഒരു മേശമേൽ നഗ്നമേനിയുമായി മലർന്നുകിടക്കുന്ന പുരുഷനെ സമീപിച്ചുകൊണ്ട് അയാൾ പറഞ്ഞു.
"നിസ്സാരമായ നമ്മുടെ ഈ ലോകത്തുനിന്നുള്ള യാത്ര നിനക്ക് തുടങ്ങാം. ചെറിയ വേദന മാത്രം. നിന്റെ മുഖത്ത് പ്രകൃതി പതിച്ചുതന്ന ആ മനോഹരമായ ചർമ്മം ഞാനിപ്പോൾ എടുക്കും. മനുഷ്യന്റെ തൊലി പൊളിക്കുവാൻ വളരെ എളുപ്പമാണ്. എന്റെ അനുഭവം വച്ച് ഞാൻ പറയുന്നതാണ്. വളരെ ചെറിയ വേദന മാത്രം. ഒരു തുള്ളി ചോര പോലും പോകാതെ ഞാൻ നോക്കും. എന്നെ വിശ്വസിക്കൂ. വരുന്ന കാലം നിന്നിലൂടെ ആയിരിക്കും."
കയ്യിലിരിക്കുന്ന മൂർച്ചയേറിയ കത്തി നിസ്സഹായനായി കിടക്കുന്ന ആ മനുഷ്യന്റെ മുഖത്തേക്ക് അയാൾ അടുപ്പിച്ചു.
------------------------------------------------------------------------------
"ഇങ്ങേർക്കിതെന്നാത്തിന്റെ കഴപ്പാ. പുതിയ ഡിപ്പാർട്ട്മെന്റ് വേണം പോലും. ഇപ്പോഴുള്ളതൊന്നും പോരാഞ്ഞിട്ട്."
തന്റെ മുന്നിലിരിക്കുന്ന ഐജി പി. രവികുമാർ IPS-നോടായി എഡിജിപി തോമസ് കുര്യൻ പറഞ്ഞു.
"എന്താന്ന്, സാർ? തെളിച്ചു പറ."
"മുഖ്യൻ എന്ത് മൊഴിയുന്നോ അത് വിഴുങ്ങാനായി ഒരു ഗോസായി ഡിജിപി."
"സർ."
"എടോ, അധ്വാന വർഗ്ഗത്തിന്റെ പടത്തലവന് ഇപ്പോൾ സിബിഐ പോലെ കേരളത്തിൽ അങ്ങേരുടെ അണ്ടറിൽ നിൽക്കുന്ന, വിവാദമായ കേസുകൾ അന്വേഷിക്കാൻ ഒരു പുതിയ ഏജൻസി വേണം. അതിനു നമ്മൾ ഒരു IPS ഓഫീസറെയും ഒരു CI-യെയും മൂന്ന് ഓഫീസർമാരെയും, അതുപോലെ അവന്മാർക്ക് നിരങ്ങാൻ ഓഫീസും ഒണ്ടാക്കി കൊടുക്കണം."
"അപ്പോൾ ക്രൈം ബ്രാഞ്ചോ?"
"ആ! എന്നാൽ ഒരു കാര്യം അറിയാം. ഇത് ആറുമാസം കൊണ്ട് വിജയിച്ചാൽ നമ്മുടെ ഒക്കെ കാര്യം ഗോവിന്ദ."
"സർ, ഞാനൊരു കാര്യം പറയട്ടെ."
"താൻ പറഞ്ഞു തൊലക്കടോ," എഡിജിപി പറഞ്ഞു.
"വലിയ റെക്കോർഡ് ഒന്നുമില്ലാത്ത ഒരുത്തനെ പിടിച്ചു തലപ്പത്തിരുത്തിയാലോ?"
"അതിനു പറ്റിയ ആളെ കിട്ടാനാ തന്നെ വിളിപ്പിച്ചേ."
"എങ്കിൽ നമ്മുടെ ബാംബൂ കോർപ്പറേഷനിൽ ഈറ്റവെട്ടി നടക്കുന്ന സുബ്രുവിനെ പൊക്കിയാലോ? അതാകുമ്പോൾ അവനേതോ സംവരണ കോട്ട കേസാ. സാറ് ഡിജിപിയെ പറഞ്ഞു വീഴിച്ചാൽ മതി."
"അത് കൊള്ളാം. ബാക്കി ഞാനേറ്റഡോ."
സന്തോഷത്തോടുകൂടി തൊപ്പി എടുത്ത് തലയിൽ വച്ചുകൊണ്ട് എഡിജിപി തോമസ് കുര്യൻ തന്റെ സീറ്റിൽനിന്നും എഴുന്നേറ്റു.
(തുടരും)

