പേജുകള്‍‌

Tuesday, June 26, 2012

ഇതൊന്നു സ്വകാര്യവല്കരിച്ചു തായോ....(ഗതികെട്ടവന്റെ വിലാപം)


പണ്ട് പള്ളിക്കൂടത്തില്‍ പോയപ്പോള്‍ എകനോമിക്സില്‍ നിന്നും പഠിച്ചു വച്ച കുറെ വാക്കുകള്‍ ഉണ്ട് മോണോപോളി, ഒളിഗോപോളി തുടങ്ങിയവ അന്നത് ആട്ടിന്‍ കാട്ടമാണോ കൂര്‍ക്കാ കിഴങ്ങാണോ എന്നറിയില്ലായിരുന്നു. എന്നാല്‍ നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ അതെന്താണെന്ന് ശരിക്കും പഠിപ്പിച്ചുതന്നു.
 കേരളത്തിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന രണ്ടു പൊതുമേഖലാ ദുരിതങ്ങളാണ് KERTC യും KSEB യും, രണ്ടും ഉപയോഗിക്കുന്നവന് ദുരിതം മാത്രം നല്കുന്നവയായി അധപധിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ KERTC യുടെ കാര്യത്തില്‍ ജനങ്ങള്‍ക്ക്‌ ആശ്വാസമുണ്ട് സ്വകാര്യ വാഹനങ്ങള്‍ ഉള്ളതുകൊണ്ട് തീരെ നിവര്‍ത്തി ഇല്ല എങ്കില്‍ മാത്രം ആ ശാപത്തിനകത്തു വലിഞ്ഞു കേറിയാല്‍ മതി. അപ്പനോട് പറയേണ്ട തെറി വാതിലടച്ചിട്ടിട്ടു ഭിത്തിയോടു പറഞ്ഞു തീര്‍ക്കുന്ന കൌമാരക്കാരന്റെ പോലെ പ്രൈവറ്റ് ബസില്‍ കയറിയിട്ട് KERTC  യെ നോക്കി കാര്‍ക്കിച്ചു തുപ്പാന്‍ മാത്രമേ അതിന്റെ യഥാര്‍ത്ഥ അവകാശികളായുള്ള സാധാരണ ജനത്തിനു പറ്റുന്നുള്ളൂ.
ഹവ്വയുടെ അവസ്ഥയാണ് KSEB യുടെ കാര്യത്തില്‍ കേരളത്തിലെ ജനതയ്ക്ക്.  നോ ചോയിസ്....  (ANERT ഏതാണ്ടും പൊക്കിപിടിചോണ്ട് ഇതിനിടയില്‍ വന്നാരുന്നു അതും സര്ക്കാര് സ്ഥാപനമായതുകൊണ്ട് അമുലിന്റെ പരസ്യം പോലെ ആയിപ്പോയി പൊടിപോലുമില്ല കണ്ടുപിടിക്കാന്‍)  പണ്ട് തമ്പുരാന്റെ മുന്‍പില്‍ അടിയാന്‍ കുനിഞ്ഞു നിന്നതുപോലെ നിലംമുട്ടെ കുനിഞ്ഞും നിന്ന് കയ്യും കാലും അവന്റെ ഒക്കെ ആസനം വരെയും നിറയുവോളം തള്ളിക്കൊടുത്താലെ ഒരു കണക്ഷന്‍ കിട്ടൂ. പിന്നെ ലൈന്‍ വലിക്കുന്നതിന് ചാര്‍ജുചെയ്യുന്നതിന് എന്നുവേണ്ട തമ്പുരാന്‍മാരുടെ ആസനം കസേരയില്‍ നിന്നും പൊങ്ങുന്നതിനു വരെ കാശെറിയണം.


ഇങ്ങനെ ഒരു കണക്ഷന്‍ കിട്ടിയാലോ. നാഴികക്ക് നാല്പതു വട്ടം കട്ട്. കറന്‍റ്‌ വന്നാലോ വോള്‍ട്ടേജ് കാണാന്‍ തപസ്സിരിക്കണം. ഒരു ദിവസത്തില്‍  മുപ്പതു തവണയെങ്കിലും കട്ട് ചെയ്യും.  സുരേഷ് ഗോപി കോടീശ്വരനില്‍ പറയുന്നത് പോലാണ് ഇവിടുത്തെ കറന്റിന്റെ കാര്യം ദാ പോയി ദാ വന്നു.

ഈ KSEB യെ ആശ്രയിച്ചു എതെങ്കിലു ദരിദ്രവാസി എന്തെങ്കിലും പ്രസ്ഥാനം തുടങ്ങിയാല്‍ അവന്‍ ബ്ലെടുകാരുടെ തല്ല്‌ കൊണ്ട് ചാകത്തെ ഉള്ളൂ.  ബില്ല് അടപ്പിക്കാനും ഫ്യൂസ് ഊരുന്ന കാര്യത്തിലും ഇവന്മാര്‍ക്ക് എന്തൊരു കൃത്യനിഷ്ഠ. കറണ്ടില്ല എന്നോ കമ്പി പൊട്ടിക്കിടക്കുന്നോ എന്നൊന്നും പറഞ്ഞാല്‍ സാറന്മാരുടെ പൊടിപോലും ആ വഴി കാണില്ല.
ആന്ധ്രയില്‍ കരിനഗര്‍ ജില്ലയില്‍ സിങ്ങരണി കോള്‍ മൈന്‍ കമ്പനി ആണ് കരണ്ട് നല്‍കുന്നത് എന്ത് നല്ല സര്‍വിസ്. അത് നമ്മുക്ക് സ്വപ്നം കാണാനേ യോഗമുള്ളൂ. ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം നല്ല സേവനവും മുടക്കുന്ന തുകക്ക് മുതലാകുന്നതുമായ സാധനവും ആണ് ആവശ്യം. നല്ല ഉത്പന്നമാണ് എങ്കില്‍ പണം കൂടുതല്‍ മുടക്കുന്നതിനും മടിയില്ല. അതിനു വേണ്ടത് മത്സര കമ്പോളം ആണ്. ഇവിടെ KSEB യുടെ കുത്തകയല്ലേ, നോ രക്ഷാ കേലിയെ !!!!!

പണ്ട് BSNL ഉം ഇതായിരുന്നു അവസ്ഥ.  1500 RS നു ഞാന്‍ സിം വാങ്ങിയിട്ടുണ്ട്. എന്നാല്‍ മറ്റു കമ്പനികള്‍ കൂടി കടന്നു വന്നതോടെ ഇപ്പോള്‍ നാലാംക്ലാസ്സില്‍ പഠിക്കുന്ന ചൂലപിടിച്ച ചെറുക്കന്റെ പോക്കറ്റിലും കാണും നാല് സിമ്മും മല്ടിമീടിയ ഫോണും. ഇപ്പോള്‍ BSNL  ലിന്റെ ഓഫീസിന്‍റെ അടുത്തു കൂടി നടന്നു പോയാല്‍ മതി വിളിച്ചു കണക്ഷന്‍ തരും. അതുകൊണ്ട് തന്നെയാണ് നമ്പര്‍ പോര്ടബിലിടി വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ BSNL ലിലേക്ക് പോയത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ തന്നെയാണ് ആളുകള്‍ക്ക്‌ താത്പര്യം എന്നതിന്റെ തെളിവാണ് ഇത്.

ഇത് പോലെ തന്നെ കരണ്ടു ഉണ്ടാക്കി വില്‍ക്കാനും മറ്റുള്ളവര്‍ക്ക് അനുവാദം നല്‍കിയിരുന്നെങ്കില്‍ KSEB യും നന്നായേനെ. ഇപ്പോള്‍ ഇതിനെ കമ്പനി ആക്കുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു എന്ന് പത്രത്തില്‍ കണ്ടായിരുന്നു. അപ്പോള്‍ തന്നെ തൊഴിലാളി (?) കള്‍ക്ക് കിറുമി കടി തുടങ്ങി. തങ്ങളുടെ അവകാശങ്ങള്‍ ഇപ്പോഴത്തെപ്പോലെ തന്നെ അന്നും നിലനിര്‍ത്തി തരണമെന്ന് ആണ് പ്രധാന ആവശ്യം.

എന്താണ് സാറന്മാരുടെ ആ അവകാശങ്ങള്‍ പണിയെടുക്കാതെ ശമ്പളം എണ്ണിമേടിക്കുന്നതാ... അതോ അത്താഴപട്ടിണിക്കാരന്റെ പോക്കറ്റില്‍ നിന്നും യാതൊരു ഉളുപ്പും നാണവും ഇല്ലാതെ കിമ്പളം മേടിക്കുന്നതാ... അതോ സര്ക്കാര് വണ്ടിയില്‍ അച്ചിക്ക് അടിവസ്ത്രം മേടിക്കാന്‍ പോകുന്നതാ..  ഏതായാലും സ്വകാര്യവത്കരണം വന്നാല്‍ ഇതൊന്നും നടക്കില്ല. പണിയെടുക്കേണ്ടി വരും... ഉപഭോക്താക്കളെ  സംബന്ധിച്ചിടത്തോളം നല്ലതും ആയിരിക്കും.
KSEB യിലെ ചേട്ടന്‍മാരെ ഏറ്റവും കൂടുതല്‍ പ്രാക്ക്‌ മേടിക്കുന്നത് പോലീസ് അല്ല നിങ്ങളാ മറക്കണ്ട. ഒറ്റപ്രാവിശം കരണ്ട് പോകുമ്പോള്‍ ആ ലൈനില്‍ ഉള്ള സര്‍വരും നിങ്ങളെ പ്രാകും. അടുത്ത തലമുറയ്ക്ക് കൂടി അത് കിട്ടന്ടെന്കില്‍ പണിയെടുക്കാന്‍ നോക്ക്.

NB: കഴിഞ്ഞ ദിവസം കട്ടപ്പന KSEB  ഒരു ജോലിക്കാരന്‍ പറഞ്ഞതാണ്‌ സത്യം." ജോലിക്ക് സ്ഥിരത ഉണ്ടെങ്കില്‍ ഒരുത്തനും പണിയെടുക്കില്ല".

3 comments:

 1. പ്രിയ സുഹൃത്തേ,

  താങ്കള്‍ എഴുതിയതിനോട് പരിപൂര്‍ണമായി വിയോജിക്കാനാവുന്നില്ല. മിക്ക കാര്യങ്ങളിലും യോജിക്കാനും ആവുന്നില്ല.

  (ANERT ഏതാണ്ടും പൊക്കിപിടിചോണ്ട് ഇതിനിടയില്‍ വന്നാരുന്നു അതും സര്ക്കാര് സ്ഥാപനമായതുകൊണ്ട് അമുലിന്റെ പരസ്യം പോലെ ആയിപ്പോയി പൊടിപോലുമില്ല കണ്ടുപിടിക്കാന്‍)

  താങ്കള്‍ ഇതെഴുതും മുന്‍പ് ഇതിനെപ്പറ്റി ചെറുതായെങ്കിലും ഒന്നന്വേഷിച്ചാല്‍ ഈ മണ്ടത്തരം എഴുതുകയില്ലായിരുന്നു.

  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡിയോടെ അനെര്‍ട്ട് ധാരാളം വീടുകള്‍ക്ക് സൗരോര്‍ജ്ജവൈദ്യുത പദ്ധതി നടപ്പാക്കി കൊടുത്തിട്ടുണ്ട്‌. ഇപ്പോള്‍ കൊടുക്കുന്നുമുണ്ട്‌.. ഈ രംഗത്ത് സ്വകാര്യ കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ എഴുതുന്ന എന്റെ വീട്ടിലും ഈ സാധനം ഉണ്ട്. ഒരു വീടിനു ആവശ്യമുള്ള വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സംവിധാനത്തിന് ബാറ്ററി അടക്കം എഴുപത്തിയയ്യായിരം രൂപയില്‍ താഴയേ വരൂ.

  അതൊരു ചെറിയ തുക അല്ല, പക്ഷെ കേരളത്തിലെ ഒട്ടു മിക്ക കുടുംബങ്ങള്‍ക്കും ഈ തുക താങ്ങാനുള്ള കഴിവുണ്ട്. വീട്ടിലെ ടോയ്ലട്റ്റ് മോടി പിടിപ്പിക്കാനും അടുക്കള വരെ എമല്‍ഷന്‍ പെയിന്റ് അടിക്കാനും ചെലവാകുന്ന കാശേ ഇതിനും ചെലവാവുകയുള്ളൂ..

  ഇത് ചെയ്‌താല്‍ പിന്നെ പവര്‍ കട്ടോ വൈദ്യുതി നിരക്ക് വര്‍ധനയോ, കമ്പി പൊട്ടലോ ലൈന്‍ വലിക്കലോ ഫോണ്‍ വിളിക്കാലോ മുതലായ ശല്യങ്ങള്‍ ഒന്നും ഉണ്ടാവുകയില്ല.

  അത് കൊണ്ട് കറന്റു ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ കുത്തക ആണെന്ന താങ്കളുടെ ധാരണ മണ്ടത്തരമാണ്.. ഇതിനെപ്പറ്റി മിനിമം അന്വേഷിച്ചിട്ടേ ഇത്തരം അഭിപ്രായങ്ങള്‍ എഴുതാവൂ..

  പിന്നെ, കെ.എസ്.ഇ.ബിയിലെ എല്ലാ ഉദ്യോഗസ്ഥരും താങ്കള്‍ കരുതും പോലെ മോശപ്പെട്ടവരല്ല. ഒരു പൈസ പോലും കൈക്കൂലി വാങ്ങാതെ മുപ്പത്തിമ്മൂന്നു വര്‍ഷം മാന്യമായി ജോലി ചെയ്തു വിരമിച്ച ഒരാളാണ് എന്റെ അച്ഛന്‍.

  പിന്നെ, താങ്കളുടെ നാട്ടിലെ കെ.എസ്.ഇ.ബി ജോലിക്കാരന്‍ പറഞ്ഞത് - അതില്‍ "ഒരുത്തനും" എന്ന പ്രയോഗം തെറ്റാണ്.."പലരും" എന്ന് പറയുന്നതാവും ശരി.

  എല്ലാ രംഗത്തും ഉണ്ടാകും ജോലിയോട് ആത്മാര്‍ഥത ഇല്ലാത്തവര്‍. അത് കൊണ്ട് എല്ലാരും അങ്ങനെയാണ് എന്ന് കരുതരുത്.

  NB: KERTC ആണോ? KSRTC അല്ലേ?

  ReplyDelete
  Replies
  1. KSRTC തന്നെയാണ് തെറ്റ് കണ്ടുപിടിച്ചു കാണിച്ചു തന്നതിന് നന്ദി.

   ഒരുഗ്ലാസ് പാലില്‍ ഒരുതുള്ളി വിഷം ഒഴിച്ചാല്‍ പാല്‍ വിഷമാകും തിരിച്ചായാല്‍ വിഷം ഒരിക്കലും പലാകില്ല. ജോലിയോട് ആത്മാര്‍ഥത ഉള്ളവര്‍ ഉണ്ടെങ്കിലും അവരെ കണ്ടെത്താന്‍ പറ്റുന്നില്ല അതാണ്‌ കാര്യം. ANERT വഴി ഈ കാര്യങ്ങള്‍ എല്ലാം നടക്കും എങ്കിലും ഇവരുമായി എങ്ങനെ ബന്ധപ്പെടണം എന്നോ എന്തെല്ലാം അതിനുവേണ്ടി ചെയ്യണമെന്നോ സാധാരണക്കാര്‍ക്ക് അറിയില്ല. അല്ലെങ്കില്‍ അറിയിക്കാന്‍ അവര്‍ മിനക്കെടുന്നില്ല. താങ്കള്‍ ഒരു സര്‍ക്കാര്‍ ഓഫീസില്‍ എന്തെങ്കിലും കാര്യത്തിനു പോയിട്ടുള്ള ഒരു സാധാരണക്കാരന്‍ ആണെങ്കില്‍ മനസ്സിലാകും പ്രാകാതെ ഇറങ്ങിപ്പോരാന്‍ പറ്റില്ല എന്നകാര്യം. ഒരിക്കലും അവരുടെ ഭാഗത്തുനിന്നും ഒരു followup അല്ലെങ്കില്‍ feedback ഉണ്ടാവില്ല ഒരു തിരുച്ചരിയാല്‍ കാര്‍ഡ്‌ ശരിയാക്കുവാന്‍ 34 തവണ താലൂക്ക്‌ ഓഫീസില്‍ പോയ ആളെ എനിക്കറിയാം
   " ഒരു പൈസ പോലും കൈക്കൂലി വാങ്ങാതെ മുപ്പത്തിമ്മൂന്നു വര്‍ഷം മാന്യമായി ജോലി ചെയ്തു വിരമിച്ച ഒരാളാണ് എന്റെ അച്ഛന്‍. """ " ഞാന്‍ അദ്ദേഹത്തെ വളരെ അധികം ബഹുമാനിക്കുന്നു അവരെ പോലുള്ളവരെ ആണ് ആവശ്യം. ഇങ്ങനെ ഉള്ളവര്‍ ആണെങ്കില്‍ ഒരിക്കലും എനിക്ക് ഇതെഴുതെണ്ടി വരില്ലായിരുന്നു

   Delete
 2. താങ്കള്‍ പറഞ്ഞത് ശരി തന്നെ, വലിയൊരു ശതമാനം ഉദ്യോഗസ്ഥര്‍ ആത്മാര്‍ഥമായി ജോലി ചെയ്യാതെ ഇരിക്കുന്നതിലും ജനങ്ങളെ വട്ടം കറക്കുന്നതിലും രസം കണ്ടെത്തുന്നവര്‍ ആണ്. പരാതി കൊടുത്താലും പ്രയോജനം ഒന്നും ഉണ്ടാവാരുമില്ല.

  ഇത്തരക്കാര്‍ക്കിട്ട് ആകെ കൊടുക്കാന്‍ പറ്റുന്ന പണി, അവര്‍ കൈക്കൂലി വാങ്ങുന്നവര്‍ ആണെങ്കില്‍ വിജിലന്‍സ് തരുന്ന പൊടിയിട്ട നോട്ടുകള്‍ കൊടുത്തു പിടിപ്പിക്കുക എന്നുള്ളതാണ്.

  അനെര്‍ട്ട് ടിവിയില്‍ ഇടയ്ക്ക് ഇതിനെപ്പറ്റിയുള്ള പരിപാടികള്‍ നടത്താറുണ്ട്‌. അങ്ങനെയാണ് ഞങ്ങള്‍ ഇത് കണ്ടത്.

  അവരെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ അനെര്‍ട്ട് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
  http://anert.gov.in/

  ടെക്നോപാര്‍ക്കിലെ റോണ്‍ണ്ട്സ് എന്ന കമ്പനിയും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.
  http://www.rondsinnotech.com/

  രാജേഷ്
  (ഇന്നലെ ഇട്ട കമന്റില്‍ പേര് വെയ്ക്കാന്‍ മറന്നു.)

  ReplyDelete

Related Posts with Thumbnails