പേജുകള്‍‌

Friday, May 27, 2011

എന്തുകൊണ്ട് ഞാന്‍ സര്‍ക്കാര്‍ ബസ്‌ ഇഷ്ടപ്പെടുന്നു


         കഴിഞ്ഞദിവസം ഞാന്‍ അബദ്ധവശാല്‍ കട്ടപ്പനയില്‍ നിന്നും പത്ത് രൂ. അകലേക്ക്‌ പോകേണ്ടതിനായി ഒരു സ്വകാര്യ ബസില്‍ കയറി. കണ്ടക്ടര്‍ വന്നു, ടിക്കറ്റ് എടുക്കാന്‍ ഞാന്‍ സ്ഥലം പറഞ്ഞു. 
        "ചേട്ടാ ഇത് (എന്റെ അച്ഛന്‍റെ പ്രായമുണ്ട് അയാള്‍ക്ക്‌) കോട്ടയത്തിനുള്ള വണ്ടിയാണ് ബോര്‍ഡു നോക്കിയല്ലേ കേറിയത്"
          "അതെ എനിക്ക് ഇറങ്ങേണ്ട സ്ഥലത്ത് കൂടിയാണല്ലോ ഈ വണ്ടി പോകുന്നത് ?"
     "അതൊക്കെ ശരി പക്ഷെ മുണ്ടക്കയത്തിനു മുന്‍പ് ഒരിടത്തും വണ്ടി നിറുത്തില്ല ചേട്ടനിറങ്ങിക്കെ ചുമ്മാ ആളെ മിനക്കെടുത്താതെ"
         ഏതോ പീഡന കേസിലെ പ്രതിയെ നോക്കുന്നത് പോലെ ചില ദീര്‍ഘദൂര സാറുംമാര്‍ എന്നെ നോക്കുന്നു. എന്തോ വലിയ അപരാധം ചെയ്തവനെ പോലെ ഞാന്‍ ഇറങ്ങി.
             "അപ്പൊ ____ സ്ഥലത്ത് ഈ വണ്ടി നിറുത്തില്ലല്ലോ അല്ലെ ?"
      "ഇല്ലന്നല്ലേ പറഞ്ഞെ ചേട്ടന്‍ വല്ല ഷട്ടില്‍ വണ്ടിയും നോക്ക്"  കിളിമോന്‍, ആനയെക്കാലും ഗമ ആനപിണ്ടത്തിനാണല്ലോ
           "ശരി സാറേ" ഞാന്‍ ഒഴിവായി.
         അപ്പോള്‍ തന്നെ ഞാന്‍ ഈ പറഞ്ഞ സ്ഥലത്ത് ഓട്ടോ ഓടിക്കുന്ന എന്റെ അനിയനെ വിളിച്ചു കാര്യം പറഞ്ഞു.
           "അതിന്റെ കാര്യം ഞാനേറ്റു ചേട്ടായി"
    പിന്നെ ഞാന്‍ അവിടെ ചെല്ലുമ്പോള്‍ അറിഞ്ഞത് ആ വണ്ടി അവിടെ നിറുത്തിയായിരുന്നെന്നോ. പിന്നെ അരമണിക്കൂറോളം കഴിഞ്ഞു ചായയൊക്കെ കുടിച്ചു പോലീസുകാരും ഒക്കെ വന്നു വിശേഷമോക്കെ ചോദിച്ചിട്ടാണ് വണ്ടി കോട്ടയത്തിനു പോയതെന്നും മറ്റുമാണ്.
          ഇവനെന്താ വീര കഥകള്‍ പറഞ്ഞു പൊങ്ങച്ചം കാണിക്കുകയാണോ എന്ന് വിചാരിക്കുന്നവര്‍ ക്ഷമിക്കുക.
         ഞാന്‍ നിവൃത്തിയുണ്ടെങ്കില്‍ KSRTC  യില്‍ മാത്രം യാത്ര ചെയ്യുന്ന ആളാണ്‌ 

     ദാ ഒരു താരതമ്യം

              എന്നെ ഒരിക്കലും അതില്‍ നിന്നും ഇറക്കിവിടില്ല. ഞാന്‍ എത്ര ചെറിയ ദൂരം യാത്രചെയ്യാന്‍ കയറിയാലും.   (ഫ വലിഞ്ഞു കേറിയെക്കുന്നു. നിങ്ങള്‍ക്കൊക്കെ വല്ലോ ഷട്ടില്‍ വണ്ടിയിലും വന്നാല്‍ പോരെ)

                കണ്ടക്ടര്‍ എന്നെ ചീത്തവിളിക്കില്ല. എന്റെ കയ്യില്‍ ചില്ലറയല്ല എങ്കില്‍ പോലും.(ചില്ലറയില്ലെന്കില്‍ പിന്നെന്തിനാ ഇങ്ങു വലിഞ്ഞു കേറിയേ.... ലവനോ)

             വേഗം ഇറങ്ങ്.. വേഗം വേഗം എന്നുപറഞ്ഞു എന്നെ തത്തിക്കില്ല (ഒന്ന് വേഗമാകട്ടെ ചേട്ടാ ഇപ്പൊ തന്നെ 5 മിനിറ്റ്‌ ലേറ്റാ, ഓ എന്തൊരു താമസം, ഇറങ്ങേണ്ട സ്ഥലത്തിനുമുന്പു എഴുന്നേറ്റു വന്നു കൂടെ... ചിലപ്പോള്‍ പിടിച്ചു തത്തിക്കുകയും ചെയ്യും)

               കിളി എന്നെ പറപ്പിക്കില്ല --കിളിയില്ലല്ലോ 

            നമ്മള്‍ ഇറങ്ങുന്നതുനും കയറുന്നതിനും ആവശ്യമായ സമയം വണ്ടി നിറുത്തി തരും (കിളി പറന്നു നില്‍ക്കുകയാണല്ലോ കേറ്റാനും ഇറക്കാനും നമ്മളും ഒപ്പം പറക്കണം എന്ന് മാത്രം)

            എന്റെ അമ്മപെങ്ങന്മാരെ ഉരുമ്മി തലോടി വണ്ടിയില്‍ നിന്നും ഇറക്കില്ല (വലഞ്ഞു കുത്തി ഫുട്ബോര്‍ഡില്‍ ഉള്ള നില്‍പ്പ് ഒന്ന് കാണേണ്ടതാണ്) 

          പിന്നെ എനിക്ക് വണ്ടിയില്‍ ഇരുന്നു നൊവേന ചൊല്ലേണ്ട. കാരണം ആരോടും ഒരു മത്സരവും ഇല്ല മര്യാദക്ക് വണ്ടി ഓടിച്ചോലും (സര്‍വ്വ ദൈവങ്ങളെയും വിളിക്കും പുറകിലോ മുന്പിലോ വേറെ വണ്ടി കൂടി ഉണ്ടെങ്കില്‍ അറിയില്ലാത്ത ദൈവങ്ങളെ കൂടി വിളിച്ചു പോകും)

       യാത്രാ ക്ഷീണം കുറവ്‌ കാരണം വണ്ടിയില്‍ കമ്പനി തന്നിരിക്കുന്നതിനേക്കാള്‍ അധികം വച്ചുകെട്ടുകള്‍ ഇല്ല (നൂറ് അടിചില്ലേല്‍ പോലും വാള് വയ്ക്കണം എന്ന് തോന്നിപ്പോകും)

           നമ്മളോട് മാന്യമായിതന്നെയാണ് KSRTC യിലെ ജീവനക്കാര്‍ പെരുമാറുന്നത്. അത് തന്നെ ആശ്വാസം. അകെ ഉള്ള കുഴപ്പം കാരണവന്മാര്‍ക്ക് ഇതിലെ ടിക്കറ്റ്‌ വ്യത്യാസം തിരിച്ചറിയാന്‍ പറ്റില്ല എന്നതും . എന്തെങ്കിലും വണ്ടിക്കു കുഴപ്പം വന്നാലും വഴില്‍ കിടക്കേണ്ടി വരും എന്നതും ആണ്. 
              സര്‍വ അന്ടനെയും അടകൊടനെയും എല്ലാം പേടിക്കണം, അവന്റെ ഒക്കെ സൗജന്യം പറ്റാനാണ് നമ്മള്‍ ചെന്നിരിക്കുന്നത് എന്ന് തോന്നു സ്വകാര്യ ബസിലെ ജീവനക്കാരുടെ പേരുമാറ്റം കണ്ടാല്‍. ചില വയസ്സായ ആളുകളോട് പെരുമാറുന്നത് കണ്ടാല്‍ എടുത്തിട്ടു ഇവന്മാരെ തൊഴിക്കാന്‍ തോന്നും. പഠിക്കാന്‍ പോകുന്ന പിള്ളേര്‍ ഇവന്മാരുടെ മുഖ്യ ശത്രുക്കള്‍ ആണെന്ന് തോന്നും എട്ടാം ക്ലാസ്സില്‍ പടിപ്പു നിറുത്തിയ ചില കിളി കഴുവേരിമാന്‍മാരുടെ ഇടപാട് കണ്ടാല്‍. ഒരു പെര്‍മിറ്റ്‌ കിട്ടാന്‍ വേണ്ടി കുട്ടികളുടെയും സ്ത്രീകളുടെയും എല്ലാം യാത്രാ ക്ലേശം ആണ് RTO യുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത്‌ എന്ന് കൂടി ഓര്‍ക്കണം.
               എല്ലാ സ്വകാര്യ ബസ്‌ ജീവനക്കാരും കുഴപ്പക്കാര്‍ ആണെന്ന് ഞാന്‍ പറഞ്ഞതില്‍ നിന്നും വായിക്കരുത്. കാന്താരി എന്തിനാ അധികം.


   NB:     ഒരു ചിന്ന സംശയം- റോഡില്‍ ഓടുന്ന ബസിന്റെ ഉത്തരവാദിത്തം കണ്ടക്ടര്‍ക്ക്‌ ആണോ അതോ കിളിക്കാണോ.

5 comments:

 1. ചില വയസ്സായ ആളുകളോട് പെരുമാറുന്നത് കണ്ടാല്‍ എടുത്തിട്ടു ഇവന്മാരെ തൊഴിക്കാന്‍ തോന്നും. പഠിക്കാന്‍ പോകുന്ന പിള്ളേര്‍ ഇവന്മാരുടെ മുഖ്യ ശത്രുക്കള്‍ ആണെന്ന് തോന്നും എട്ടാം ക്ലാസ്സില്‍ പടിപ്പു നിറുത്തിയ ചില കിളി കഴുവേരിമാന്‍മാരുടെ ഇടപാട് കണ്ടാല്‍.
  നന്നായിട്ടുണ്ട് ആശംസകൾ........

  ReplyDelete
 2. എതാണ്ടൊരു ആറേഴു വര്‍ഷങ്ങള്‍ക് മുന്‍പ് ചെങ്ങന്നൂരില്‍ ഒരു സര്‍വീസ് കാള്‍ അറ്റന്ന്റ് ചെയ്ത് കോട്ടയത്തിന് മടങ്ങുകയായിരുന്നു ഞാന്‍, ഏകദേശം രാത്രി പത്തുമണി ആയിട്ടുണ്ടാകും ചെങ്ങന്നൂര്‍ KSRTC ബസ്റ്റാന്റില്‍ എത്തുമ്പോള്‍, കൊട്ടാരക്കര നിന്നും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കുള്ള ആനവണ്ടികളില്‍ ചിലത് ലിബിയക്ക് മുകളില്‍ പറക്കുന്ന നാറ്റോ സേനയുടെ യുദ്ധവിമാനങ്ങള്‍ പോലെ എംസീ റോഡില്‍ നിര്‍ത്തി ആളിറക്കിയിട്ട് സ്റ്റാന്റില്‍ കയറാതെ വടക്കോട്ട് പോയി.

  ഒടുവില്‍ എംസീ റോഡില്‍ നിര്‍ത്തിയ ഒരു ഫാസ്റ്റ് പാസഞ്ചര്‍ ആനവണ്ടിയില്‍ സാഹസികമായി കയറിപ്പറ്റി. കൂടുതല്‍ ആളുകയറിയാല്‍ കോര്‍പറേഷന്‍ ലാഭത്തിലാകുമെന്നു ഭയന്നിട്ടാവണം ഈ ബസും സ്റ്റാന്റില്‍ കാത്തു നില്‍ക്കുന്ന നിരവധി ആളുകളെ കബളിപ്പിച്ച് റോഡിലൂടെ കടന്നു പോയി. അടുത്തപടി ടിക്കറ്റെടുക്കുകയാണ്, അന്ന് ചെങന്നൂര്‍ കോട്ടയം ഫാസ്റ്റ് നിരക്ക് 31 രൂപയാണ്. എന്റെ കയ്യില്‍ ചില്ലറയായി ആകെ ഉള്ളത് 10 രൂപയുടെ ഒരു നോട്ട് മാത്രം. പിന്നെയുള്ളത് ഏതാനും 100 രൂപാ നോട്ടുകളും. ഞാന്‍ 100 രൂപ കൊടുത്തിട്ട് പറഞ്ഞു "ഒരു നാട്ടകം" മറുപടി ഉടനേ വന്നു "ചങ്ങനാശ്ശേരിക്കപ്പുറം എല്ലാം കോട്ടയം ടിക്കറ്റെടുക്കണം" അതു സാരമില്ല സര്‍, എനിക്കിറങ്ങേണ്ടത് നാട്ടകത്താണ് കോട്ടയത്തിനുള്ള പൈസ എടുത്തോളൂ... പിന്നെ ഞാന്‍ കൊടുത്ത നോട്ട് ബാങ്കുകാര്‍ സംശയമുള്ള നോട്ട് പരിശോധിക്കുന്നപോലെ തിരിചും മറിച്ചും നോക്കിയിട്ട് അടുത്ത ചോദ്യം "നിന്റെ കയ്യില് ഇതിലും വല്യ നോട്ടൊന്നും ഇല്യോടേയ് - ഇപ്പോള്‍ ബാക്കിതരാന്‍ ചില്ലറ ഇല്ല ചങ്ങനാശ്ശേരി കഴിയട്ടെ"
  ചങ്ങനാശ്ശേരി കഴിഞ്ഞ് ഞാന്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചപ്പോള്‍ 19 രൂപ ബാക്കി തന്നു, 50 ഇറങ്ങുന്ന സമയത്ത് തരാം എന്നാശ്വസിപ്പിച്ചു നമ്മുടെ കണ്ടക്ടര്‍ സാര്‍. നാട്ടകം കോളേജ് സ്റ്റോപ്പിനു കുറച്ച് മുന്‍പ് എണീറ്റ് ചെന്നു ആളിറങ്ങാനുണ്ടെന്ന് അറിയിച്ചു, ഈ ബസ്സിന് ചിങ്ങവനം കഴിഞ്ഞാല്‍ പിന്നെ കോട്ടയത്തേ സ്റ്റോപ്പുള്ളെന്നായി കണ്ടക്ടര്‍ സാര്‍, അപ്പോള്‍ പള്ളം പൊസ്റ്റോഫീസിനു മുന്നില്‍ ഒരാളേ ഇറക്കിയതോ? എന്നു ഞാന്‍. അയാള്‍ ചങ്ങനാശ്ശേരി സ്റ്റേഷനിലെ പോലീസുകാരനും സ്ഥിരം യാത്രക്കാരനുമാണെന്ന് മറുപടി. ബെല്ലടിക്കാന്‍ യാതൊരു ലക്ഷണവും കാട്ടാത്ത കണ്ടക്ടര്‍ സാറിനോട് പോലീസുകാര്‍ പറഞ്ഞാല്‍ മാത്രമേ ബസ്സ് നിര്‍ത്തുകയുള്ളൂ എങ്കില്‍ ഞാന്‍ ക്ണ്ട്രോള്‍ റൂമില്‍ വിളിക്കാം എന്നു പറഞ്ഞ് മൊബൈല്‍ എടുത്തു അതോടെ ബെല്ലടിച്ച അയാള്‍ വേഗം ഇറങ്ങ് എന്നു ധൃതി കൂട്ടി എന്നെ ഇറക്കിവിട്ടു. ഇതിനകം ബസ്സ് എനിക്ക് ഇറങ്ങേണ്ട സ്ഥലത്ത് നിന്നും 2 കിലോമീറ്ററിലധികം മുന്നോട്ടോടി ട്രാവങ്കൂര്‍ സിമിന്റ് ഫാക്ടറിക്കും കോടിമതക്കും ഇടയിലുള്ള വിജനമായ പ്രദേശത്ത് എത്തിയിരുന്നു. പിന്നോട്ട് കുറേ ദൂരം നടന്ന ശേഷമാണ് ബാക്കി 50 രൂപ കൂടി കിട്ടാനുണ്ടെന്ന് ഓര്‍മ്മ വന്നത്. ആ പൈസ അങ്ങനെ സ്വാഹ.

  ReplyDelete
 3. അവന്റെ ഒക്കെ സൗജന്യം പറ്റാനാണ് നമ്മള്‍ ചെന്നിരിക്കുന്നത് എന്ന് തോന്നു സ്വകാര്യ ബസിലെ ജീവനക്കാരുടെ പേരുമാറ്റം കണ്ടാല്‍,വളരെ സത്യം

  ReplyDelete
 4. @അനില്‍ഫില്‍ (തോമാ)
  ശരിയാണ് പറഞ്ഞത് ഇത്തരത്തില്‍ ആയിരുന്നു ഇവന്മാര്‍ പെരുമാറികൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ രീതി ഒരുപാട് മാറി. ആളുകളെ വിളിച്ചു കയറ്റാനും മാന്യമായി പെരുമാറാനും തുടങ്ങിയിട്ടുണ്ട്. കുറെ ബോധവും പോത്താനവും ഉള്ള ചെറുപ്പക്കാര്‍ ജോലിക്കാരായി വന്നതിന്റെ ഒരു മെച്ചമാണെന്നു തോന്നുന്നു.പിന്നെ ഇതിന്റെ FS limitations ഒരു പ്രശ്നമാണ്.LS,FP LS, SF,SE,LE, IS ഇങ്ങനെയുള്ള വണ്ടി അതാത് സ്റ്റേഷനില്‍ അല്ലെങ്കില്‍ സ്റ്റോപ്പില്‍ മാത്രമേ നിറുത്തു. അത് നമ്മള്‍ മനസ്സിലാക്കണം. എന്നാല്‍ സ്വകാര്യ ബസില്‍ ഇതൊന്നു ബാധകമല്ല ലവന്മാരുടെ തോന്ന്യാസം ആണ് പ്രധാനം.

  ReplyDelete
 5. സ്വകാര്യ ബസില്‍ യാത്ര ചെയുന്ന എല്ലാവര്ടെം അനുഭവം. സര്‍ക്കാര്‍ ബസ്സുകളും മത്സര ഓട്ടത്തില്‍ കൂടാറുണ്ട്, ചിലതെങ്ങിലും. പക്ഷെ കിളിയുടെ വക വേഗം ഇറങ്ങു, വേഗം കേറ് എന്നിങ്ങിനെ ഇല്ലാത്തതു വല്യ ആശ്വാസം തന്നെ

  ReplyDelete

Related Posts with Thumbnails