പേജുകള്‍‌

Friday, May 20, 2011

നല്ല പത്തു മലയാള സിനിമകള്‍ (?)


സലിം കുമാറിന് ദേശീയ അവാര്‍ഡ്‌ കിട്ടി ആദാമിന്‍റെ മകന്‍ അബുവിലെ അഭിനയത്തിന്, പുറകെ വിവാദങ്ങളും, ആളുകളുടെ ചര്‍ച്ചയും ബഹളവും കണ്ടിട്ട് ആ സിനിമ കാണാത്ത ഏക മലയാളി ഞാനാണെന്നാണ് തോന്നുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമാണ് അത് ആല്ലേ !!! ?
              ഈ ബഹളത്തിനിടയില്‍ എന്റെ ഒരു തലതിരിഞ്ഞ ചിന്ത വീണ്ടും വീണ്ടും കാണാനാഗ്രഹിക്കുന്ന നല്ല പത്തു ശുദ്ധ മലയാള സിനിമകളുടെ ഒരു ലിസ്റ്റ്‌ ഉണ്ടാക്കിയാലോ എന്ന്. ആരോടെങ്കിലും ചോദിച്ചാല്‍ ഏറ്റവും നല്ല മലയാള ചിത്രം "അമ്മ അറിയാന്‍" ആണ് എന്ന് പറയും. അല്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ, അരവിന്ദന്റെ ഒക്കെ പടങ്ങളുടെ പേര് പറയും. അല്ല അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ ഇവരുടെയൊക്കെ പടങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? പിന്നെന്തേ അതൊന്നും ഹിറ്റ്‌ ആവാത്തെ. അമ്മ അറിയാന്‍ ആണ് ഏറ്റവും നല്ല ചിത്രമെന്ന് പറഞ്ഞ എന്റെ ഒരു സുഹൃത്തുണ്ട്, എനിക്കറിയാം അവനിന്നെവരെ ആ പടം കണ്ടിട്ടില്ല എന്ന്. ആ ചിത്രം അവന്‍ കാണണമെന്കില്‍ അവനെ കസേരയില്‍ പിടിച്ചു കെട്ടി ഇടണം എന്നാലും ഇരുന്നുറങ്ങും എന്നാണു തോന്നുന്നത്. ഇത്തരം ബുജിത്തരങ്ങളൊന്നും, ഇല്ലാത്ത ബുജി അല്ലാത്ത എനിക്കിഷ്ടപ്പെട്ട പത്തു മലയാള പടങ്ങള്‍ ദാണ്ടെ കിടക്കുന്നു.

                   ആദ്യ സ്ഥാനം ഏതായിരിക്കും? എന്തിനു സംശയിക്കണം ഞാന്‍ ഒരു പത്തു തവണയില്‍ കൂടുതല്‍ കണ്ട നമ്മുടെ സ്വന്തം ചെമ്മീന്‍. ഹൃദയത്തിലേക്ക് തുളച്ചിറങ്ങുന്ന തകഴിയുടെ രചനാ വൈഭാവമാണോ അതോ അഭിനേതാക്കളുടെ മികവാണോ അതോ വിട്ടുവീഴ്ച്ച ഇല്ലാത്ത രാമു കാര്യാട്ടാണോ ആരാണ് നമ്മെ അതിലേക്ക്‌ ആകര്‍ഷിക്കുന്നത് എന്ന് മാത്രമേ ഒരു സംശയമുള്ളൂ. നാടക ഡയലോഗ് പോലെ സിനിമാ ഡയലോഗ് പറഞ്ഞിരുന്ന ആ കാലത്തിലെ ഒരു ചിത്രം ഇപ്പോഴും നമ്മെ ആകര്‍ഷിക്കുന്നു എങ്കില്‍ അത് ഉദാത്തമായതിനാല്‍ തന്നെയാണ്. ആ കഥയുടെ ഒരു വലിപ്പം അറിയണമെങ്കില്‍ സലിം കുമാറും കല്പനയും ഒരുമിച്ച ദ ഒണക്കചെമ്മീന്‍ എന്നാ കോമഡി കസര്‍ത്ത് കൂടി കാണണം അത്രയ്ക്ക് അലംബാക്കിയിട്ടും അത് പോലും നമ്മുടെ മനസ്സില്‍ നീറ്റല്‍ ഉണ്ടാക്കും. ചെമ്മീനിന്റെ രണ്ടാം ഭാഗം വന്നാരുന്നെന്നു കേട്ടാരുന്നു !!!!!. എന്തിനാ ഇങ്ങനെ ആനയെ കണ്ടു ആട് മുക്കുന്നത് എന്നാ പിടികിട്ടാത്തെ. എന്തായാലും കൊച്ചു മുതലാളിയും കറുത്തമ്മയും മുകളില്‍ തന്നെ കയറിയിരിക്കട്ടെ.
               മലയാള സാഹിത്യത്തിലെ ഉത്തരാധുനിക ആധുനിക ഉത്തര കസര്‍ത്തുകള്‍ തുടങ്ങുന്നതിനുമുന്‍പ് തന്നെ തന്റെ കസേര വലിച്ചിട്ട് കയറിയിരുന്ന മലയാളത്തിന്റെ സുല്‍ത്താന്‍ തിരക്കഥ ഒരുക്കിയ ഭാര്‍ഗവീ നിലയം. മധുവിന്റെ എഴുത്തുകാരനും വിജയനിര്‍മലയുടെ യക്ഷിയും പി ജെ ആന്‍റണി യുടെ പ്രതിനായകനും ഒരിക്കലും മനസ്സില്‍ നിന്നും പോകില്ല. വിജയ നിര്‍മല അന്നുടുത്ത സാരി ഇന്ന് വരെ മലയാള യക്ഷികള്‍ പറിച്ചു കളഞ്ഞിട്ടില്ല. ഭാര്‍ഗവീ നിലയം എന്നത് മലയാള ഭാഷയില്‍ ഒരു ശൈലി കൂടി ആയി. ആ ചിത്രത്തിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്‌ ബഷീറിന്റെ തിരക്കഥ തന്നെ. ചെറിയൊരു സാമ്പിള്‍
"എന്റെ ഹൃദയം അവിടെ വച്ചിട്ടുണ്ട്"
"എവിടെ ?"
"സാധാരണ മനിഷേന്മാര്‍ ഹൃദയം എവിടാ വയ്ക്കുന്നെ ?!"
"എവിടാ ?"
"ആ മതിലിന്റെ മുകളില്‍"
                 ലോഹിതദാസിനെ മറന്നൊരു മലയാള സിനിമ എന്തായിരിക്കും ആല്ലേ ? എന്നാല്‍ എനിക്കിത്തിരി ഭയമുണ്ട് ചാര്‍ളി ചാപ്ലിന്റെ സര്‍ക്കസ്‌ എന്ന സിനിമ കണ്ടതില്‍ പന്നെ, അത് തന്നെയല്ലേ നമ്മുടെ ജോക്കര്‍. പ്രിയദര്‍ശന്‍ വിദേശപടങ്ങള്‍ കോപ്പി അടിക്കാന്‍ വേണ്ടി മാത്രം ജനിച്ചതാണെന്ന് തോന്നുന്നു. ചാപ്ലിന്റെ സിറ്റിലൈറ്റ്സ് അഭിനേതാക്കളെ മാത്രം മാറ്റി എന്നിഷ്ടം നിന്നിഷ്ടം ആക്കി. അത് തമിഴില്‍ മറ്റാരോ കുറേക്കൂടി ജനങ്ങള്‍ക്ക്‌ ഇഷ്ടപ്പെടുന്ന രീതിയില്‍ തുള്ളാതെ മനവും തുള്ളും ആക്കി മാറ്റി.
                 ഞാന്‍ ഏറ്റവുമധികം തവണ കണ്ടതും ഇനിയും കാണണമെന്നും തോന്നുന്ന പടം മണിച്ചിത്രത്താഴ് മാത്രം മധു മുട്ടത്തിന്റെ കഥയാണോ, ഫാസിലിന്‍റെ നേതൃത്ത്വത്തില്‍ സിബിമലയിലും സിദ്ധിക്‌-ലാലും പ്രിയദര്‍ശനും കൂടി നടത്തിയ സംവിധാന മികവാണോ അതോ അഭിനേതാക്കളുടെ കയ്യടക്കത്തോടുള്ള അഭിനയമാണോ എന്തോ അതെന്നെ വല്ലാണ്ട് ആകര്‍ഷിക്കുന്നു.
                  എം ടി ഹരിഹരന്‍ കൂട്ടുകെട്ട് എന്നും അത്ഭുതം സൃഷ്ടിച്ചിട്ടെ ഉള്ളൂ.  വടക്കന്‍ വീരഗാഥ മാത്രം മതി ചതിയന്‍ ചന്തുവിനെ ജനകീയനാക്കിയ ആമികവ്‌ തൊട്ടറിയാന്‍. ശ്രീനിവാസന്‍ ജനങ്ങള്‍ക്ക് എന്ത് വേണം എന്നറിഞ്ഞു ആക്ഷേപഹാസ്യവും കൂടി ചേര്‍ത്ത് വിളമ്പുന്നത് എന്ത് ബോറാണെന്കിലും മടുക്കില്ല. എന്നാലും വിദേശിയുടെ തല സ്വന്തമാണെന്ന പോലെ ഉദയനാണ് താരം വിളമ്പിയത് മോശമായിപ്പോയി ആല്ലേ. സത്യന്‍ അന്തിക്കാട് സന്ദേശം ഉപയോഗിച്ച് രാഷ്ട്രീയക്കാരെ തൊലിയുരിക്കുന്നത് ഒരിക്കല്‍ കൂടി കാണാന്‍ തോന്നും ആല്ലേ. അധികം നീട്ടുന്നില്ല ഇന്നാ പിടിച്ചോ ലിസ്റ്റ്‌.
ചെമ്മീന്‍
ഭാര്‍ഗവീനിലയം
മണിച്ചിത്രത്താഴ്
ഒരു വടക്കന്‍ വീരഗാഥ
സര്‍ഗം
സന്ദേശം
മൃഗയ
യാത്ര
വരവേല്‍പ്പ് 
ഡൈയ്സി


NB: ഏറ്റവും നല്ല കൊമേര്‍ഷ്യല്‍ സിനിമക്ക് നല്‍കുന്ന അവാര്‍ഡ് ആയ ഓസ്കാര്‍ പോലെ ഒന്ന് മലയാളത്തിലും ഉണ്ടായിരുന്നെങ്കില്‍ അവാര്‍ഡ്‌ പടമെന്നാല്‍ ജീവനും കൊണ്ട് ഓടിക്കോ എന്ന രീതി മാറിയേനെ.

8 comments:

 1. 'അര നാഴിക നേരം' എങ്ങെനെ വിട്ടു പോയി?
  പത്തിൽ നിർത്താൻ കഴിയില്ല :)

  ReplyDelete
 2. പത്തെണ്ണം തിരഞ്ഞെടുക്കൽ പ്രയാസമാണ്. പക്ഷെ അണ്ണന്റെ ലിസ്റ്റ് കോള്ളാം!

  ReplyDelete
 3. ലിസ്റ്റ് നന്നായി. മണിച്ചിത്രത്താഴ് തന്നെ മലയാളത്തിലിറങ്ങിയ ക്ലാസിക് പടം... മൃഗയയും ഡെയ്‌സിയും ലിസ്റ്റില്‍ വേണമായിരുന്നോ എന്നൊരു സംശയം !

  ReplyDelete
 4. എന്റെ പരിമിതമായ അറിവുവെച്ച് ഞാന്‍ തിരഞ്ഞെടുക്കുന്ന മലയാളത്തിലെ എക്കാലത്തേയും മികച്ച 10 ചിത്രങ്ങള്‍ ഇവയാണ്....

  നീലക്കുയില്‍
  ചെമ്മീന്‍
  മണിച്ചിത്രത്താഴ്
  ക്ലാസ്‌മേറ്റ്‌സ്
  ചിത്രം
  കിരീടം
  ഭരതം
  ആകാശദൂത്
  ഒരു വടക്കന്‍ വീരഗാഥ
  ഒരു CBI ഡയറിക്കുറിപ്പ്

  ReplyDelete
 5. ശ്രീരാഗം,മൃഗയക്കെന്താണ് കുഴപ്പം.ഉഗ്രന്‍ പടം തന്നെയായിരുന്നു മൃഗയ.മമ്മൂട്ടിയുടെ എക്കാലെത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് വാറുണ്ണി.

  ReplyDelete
 6. മൃഗയ മോശം ചിത്രമാണെന്ന് ഞാന്‍ പറഞ്ഞില്ല. ലോഹിതദാസിന്റെ പൊന്‍തൂലികയില്‍ പിറന്ന നല്ലൊരു കഥയാണത്. പക്ഷേ മലയാളത്തിലെ ഏറ്റവും മികച്ച 10 ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ ഉള്‍പ്പെടാന്‍ മാത്രം മികച്ചതാണോ എന്നുമാത്രമേ സംശയമുണ്ടായിരുന്നുള്ളൂ. ലോഹിതദാസിന്റെ അതിനേക്കാള്‍ മികച്ച എത്രയോ ചിത്രങ്ങള്‍ ഉണ്ടുതാനും. തനിയാവര്‍ത്തനം, അമരം, കിരീടം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, ദശരഥം...

  പിന്നെ ഒരു മികച്ച ചിത്രമെന്ന് നമ്മള്‍ വിലയിരുത്തുന്നത് അതില്‍ അഭിനയിച്ച നടന്റെ പ്രകടനം മാനദണ്ഡമാക്കിയല്ലല്ലോ.. മമ്മുട്ടി എക്കാലത്തേയും മികച്ച നടന്‍ തന്നെ. പക്ഷേ അദ്ദേഹം നന്നായി അഭിനയിച്ച ചിത്രമല്ല ഇവിടെ തിരഞ്ഞെടുക്കാന്‍ പറഞ്ഞത്.

  പിന്നെ ഇതെല്ലാം എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.

  ReplyDelete
 7. പദ്മരാജന്‍ ചിത്രമില്ലാതെ എന്ത് ലിസ്റ്റ് !!!

  ReplyDelete
 8. @ശ്രീരാഗം..

  classmates will not suite in this list.. ( it is also a copy of an english novel..Forgot teh name )

  ReplyDelete

Related Posts with Thumbnails