പേജുകള്‍‌

Tuesday, November 23, 2010

ഫിഷിംഗ് - ബജാജ് കാപ്പിറ്റല്‍ വെര്‍ഷന്‍

ഈ ഫിഷിംഗ് എന്ന് പറഞ്ഞാല്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കുന്ന പരിപാടിയാണെന്നാണ് ഞാന്‍ കരുതിയിരുന്നെ. മീനിനും കൂടി തോന്നിയാല്‍ മാത്രം എന്തെങ്കിലും ചൂണ്ടക്കാരന് കിട്ടും. IT  പഠിക്കാന്‍ പോയപ്പോള്‍ ക്ലാസ്സില്‍ ടീച്ചര്‍ ചോദിച്ചു 'ഫിഷിംഗ് എന്താണെന്ന്'  നാലുപേരുടെ മുന്‍പില്‍ ആളാകാന്‍ കിട്ടിയ അവസരമാണല്ലോ എന്ന് കരുതി ഞാന്‍ കേറി കൊത്തി. " എനിക്കറിയാം ടീച്ചറെ ഞങ്ങള്‍ ചെറുപ്പത്തില്‍ ഒത്തിരി ഫിഷിങ്ങിനു പോയിട്ടുള്ളതാ വട്ടോനാ കൂടുതലും കിട്ടുക എന്നെ ഉള്ളൂ..." ഞാന്‍ വിവരണം ആരംഭിച്ചപ്പോഴേക്കും പിള്ളേരും ടീച്ചറും എല്ലാം ചിരിതുടങ്ങി (' അനുരാധെ നിനക്കിട്ടു ഞാന്‍ വച്ചിട്ടുണ്ട്  നീയാ ഏറ്റവും കൂടുതല്‍ ചിരിച്ചത്' ) പിന്നീടാ എനിക്ക് പിടികിട്ടിയത് ഫിഷിംഗ് എന്താണെന്ന്. ഞങ്ങളൊക്കെ വട്ടോനെ ഇട്ടു വാളെ പിടിക്കുന്ന ഫിഷിംഗ് ആയിരുന്നു എന്നാല്‍ ഇവടെ വാളെ ഇട്ടു വട്ടോനെ ആണല്ലോ പിടിക്കുന്നത്‌
         എന്നാലും ഇതൊക്കെ ആ നൈജീരിയന്‍ തെണ്ടികളെ ചെയ്യുകയുള്ളൂ എന്നാ ഞാന്‍ വിചാരിച്ചിരുന്നെ. അതുകൊണ്ടിപ്പോ വണ്ടിന് പണികിട്ടി അല്ല നമ്മളെ ഒന്ന് വടിയാക്കി എന്ന് പറഞ്ഞാ മതി.  വേറെ ആരും അല്ല നമ്മുടെ സ്വന്തം ബജാജ് കാപ്പിറ്റോള്‍. എന്റെ ദൈവമേ കമ്പ്യൂട്ടറില്‍ ഗൂഗിള്‍ എന്നപോലെ ഞാന്‍ കരുതിയിരുന്നതാ.... എന്നാ ചെയ്യാനാ എല്ലാം പോയില്ലേ...!!!

സംഭവം ദാ ഇതാണ്
         കഴിഞ്ഞ മാസം ഒരുദിവസം രാവിലെ എന്റെ ഓഫീസിലെ ഫോണില്‍ ഒരു വിളി
"ഹലോ...'__________' നമ്പര്‍ ആണോ ? "  നല്ല കിളിമൊഴി
" അതെ ആരാ..? " അറിയാതെ പറഞ്ഞു പോയി
"സര്‍ ഇത് കട്ടപ്പന ബജാജ് കപ്പിറ്റലില്‍ നിന്നുമാണ് .... താങ്കളുടെ ഫോണ്‍ നമ്പര്‍ ഞങ്ങളുടെ ഹെഡ് ഓഫീസില്‍ നിന്നും തിരഞ്ഞെടുത്തു താങ്കള്‍ ഞങ്ങളുടെ സ്പെഷ്യല്‍ കസ്റ്റമര്‍ ആണ്..."
"എന്തോന്നാ കൊച്ചെ നീയീ പറയുന്നത് ഞാനതിനു നിങ്ങളുടെ പോളിസി ഒന്നും എടുത്തിട്ടില്ലല്ലോ ....? "
" സര്‍ അത് ഞങ്ങളുടെ പുതിയ പദ്ധതിയുടെ ഭാഗമാണ് BSNL  ഉപഭോക്താക്കളുടെ നമ്പര്‍ നറുക്കിട്ട് അതില്‍ ഭാഗ്യവാന്‍മാരെ തിരഞ്ഞെടുക്കും സാറിനാണ് ഇപ്രാവശ്യം നറുക്ക് വീണിരിക്കുന്നത്..."
"ചുമ്മാ മനുഷ്യരെ കളിയാക്കല്ലേ  ഫോണ്‍ വച്ചിട്ട് പോ കൊച്ചേ...." ഞാന്‍ ഫോണ്‍ താഴെ വച്ചു
പിന്നെ കുറെ ദിവസത്തേക്ക് ഒരു അനക്കവും ഇല്ലായിരുന്നു. എന്നാല്‍ ദീപാവലിയുടെ തലേ ദിവസം രാവിലെ ഒരു കോള്‍.
"സര്‍ താങ്കള്‍ക്ക് ഒരു ലക്ഷം രൂപയുടെ പോളിസി ഫ്രീ ആയി ഞങ്ങള്‍ തരുന്നു താങ്കള്‍ ഞങ്ങളുടെ ഓഫീസ് വരെ ഇന്ന് വരുമോ ?"
          ഞാന്‍ നോ എന്ന് അപ്പൊ തന്നെ പറഞ്ഞു. പറ്റിക്കുന്നതാണ് എന്നാണ് എന്റെ വിശ്വാസം.  ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോ അടുത്തവിളി
" സര്‍ താങ്കള്‍ കൃത്യമായും വരണം ഭാര്യയേയും കൊണ്ടുവരണം താങ്കള്‍ക്ക് ഒരു ലക്ഷം രൂപയുടെ പോളിസി "
ഇപ്രാവശ്യം ആ നോക്കട്ടെ എന്ന ലൈനില്‍ വന്നു ഞാന്‍
ദാ വരുന്നു കുറെ കഴിഞ്ഞപ്പോള്‍ അടുത്ത കോള്‍
"സര്‍ ഞങ്ങളുടെ മാനേജര്‍ താങ്കള്‍ക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ് താങ്കള്‍ ഞങ്ങളുടെ ഓഫീസില്‍ വരണം"
'ഓ ഞാന്‍ ഇത്ര വലിയ സംഭവമാണോ എങ്കില്‍ പോയേക്കാം"
              മൂന്നുമണിയോടെ ഞാന്‍ ബജാജ് കാപിറ്റലിന്‍റെ കട്ടപ്പന ബ്രാഞ്ചില്‍ ഹാജര്‍.  ഭയങ്കരമായ രീതിയില്‍ തന്നെ അവര്‍ എന്നെ സ്വീകരിച്ചു.
 "ഭാര്യയെ കൊണ്ടുവന്നില്ലേ സാര്‍ " ഒരു സുന്ദരി വന്നു ചോദിച്ചു
 "ഇല്ല പെട്ടന്നല്ലേ അതുകൊണ്ട് പറ്റിയില്ല" ഞാന്‍
"വരൂ സാര്‍ " അവരെന്നെ അകത്തെ മുറിയിലേക്ക് ക്ഷണിച്ചു.
           അകത്തു കയറിയപ്പോള്‍ എന്നെപ്പോലെ വേറെയും ഭാഗ്യവാന്‍മാര്‍ മലക്കകൊച്ചുങ്ങള്‍ സഹിതം വന്നിരിക്കുന്നതാണ് കണ്ടത്.  ഒരു ഇരുപതോളം കുടുംബങ്ങള്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. ഞാന്‍ മാത്രമാണ് ഏകനായി വന്നിരിക്കുന്നത്. എന്നെ ഒരു ടേബിളിന്റെ മുന്നില്‍ കൊണ്ടിരുത്തി.
          ഒരു പെണ്‍കുട്ടി വന്നു കൌണ്‍സിലിംഗ് നടത്താന്‍.  പാവം അതിന്റെ പേര് അനില.  അത് കീ കൊടുത്തു വച്ചിരിക്കുന്നതുപോലെ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. ആദ്യമേ ബജാജിന്‍റെ ഉടമസ്ഥനെക്കുറിച്ചും അങ്ങേരുടെ കുടുംബത്തിനെക്കുറിച്ചും തുടങ്ങി.  പിന്നെ ഇന്‍ഷുറന്‍സ്‌ പോളിസി. സര്‍ക്കാരിനെ എങ്ങനെ ടാക്സ്‌ വെട്ടിക്കാം എന്നിങ്ങനെ തുടങ്ങി. കുറെ കഴിഞ്ഞപ്പോള്‍ ഒരു മാനേജരും വന്ന് എനിക്ക് ക്ലാസ്‌ എടുത്തു.
അവസാനം ഒരു ചോദ്യം
"അപ്പൊ സാര്‍ ഏതു പോളിസിയാണ് എടുക്കുന്നത്..?"
"അപ്പൊ ഫ്രീയായിട്ട് പോളിസി ഉണ്ടെന്നു പറഞ്ഞതോ..?" ഞാന്‍
"അതുണ്ട് സാര്‍ അതല്ലാതെ ഒരു പോളിസി കൂടി എടുക്കണം..."
"അത് ഞാന്‍ ആലോചിച്ചിട്ടു പറയാം"
"പറ്റില്ല സാര്‍ ഇപ്പൊ തന്നെ ഒരു തീരുമാനം എടുക്കണം അതാണ്‌ ഭാര്യയെ കൂടി കൊണ്ടുവരണം എന്ന് പറഞ്ഞത്"
            ഞാന്‍ ആകെ വെട്ടിലായി എന്ത് ചെയ്യണം പിന്നെ ഒരു മെഡിക്കല്‍ ക്ലെയിം എടുക്കണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു എന്നാ അതാകട്ടെ എന്ന് പറഞ്ഞു.  അപ്പൊ ദേ വരുന്നു അടുത്തത്‌
" സര്‍ ഇന്ന് തന്നെ പണം അടക്കണം പതിനയ്യായിരം രൂപയെ വരൂ... അത് മെഡിക്കല്‍ ക്ലെയിം ഉള്‍പ്പെടുന്ന പ്ലാന്‍ ആണ്"
"ഞാന്‍ തിങ്കളാഴ്ച അടച്ചാല്‍ മതിയോ..?"
"പറ്റില്ല സര്‍ ഇന്നുകൊണ്ട് താങ്കളുടെ ഓഫര്‍ തീരും"..
"എന്നാ ഞാനങ്ങോട്ട്... പിന്നെ ഫ്രീ ആണെന്ന് പറഞ്ഞത്"
"സര്‍ നാളെകഴിഞ്ഞു ഓഫീസില്‍ വന്നാല്‍ മതി അത് തരാം ഒരു കുഴപ്പവും ഇല്ല"
എന്റെ അഡ്രെസ്സ് അവിടെ കുറിച്ചെടുത്തു ഒരു ഫോം എന്നെ കൊണ്ട് പൂരിപ്പിച്ചും വാങ്ങി.
അവര്‍ പറഞ്ഞ ദിവസം രാവിലെ ഞാന്‍ അവിടെ ചെന്നു കാര്യങ്ങള്‍ തിരക്കി.
"സര്‍ അത് താങ്കളുടെ വിലാസത്തില്‍ ഞങ്ങള്‍ അയച്ചിട്ടുണ്ട്... "
" എന്നാ ശരി" ഞാന്‍ പോന്നു
           ഇപ്പൊ അതുകഴിഞ്ഞ് പതിനഞ്ചു ദിവസം കഴിഞ്ഞു ഇതുവരെ എന്റെ വിലാസത്തില്‍ ഒരു പോസ്ടുകാര്ട് പോലും വന്നിട്ടില്ല. രണ്ടു കി.മി. ചുറ്റളവ് മാത്രമേ ഉള്ളൂ ഈ ഓഫീസും എന്റെ ഓഫീസും ആയി.
            ഈ തപാല്‍ വകുപ്പിന്‍റെ ഒരു കാര്യമേ... അവന്മാര്‍ അതെടുത്തു കാണും അവര്‍ക്കും ഒരു പോളിസി ആകുമല്ലോ.
ഇനി ഒരു രണ്ടു വാക്ക്
             അതെ നിങ്ങളുടെ ബിസ്സിനസ്സ്‌ വളര്‍ത്തണമെങ്കില്‍ എന്തെല്ലാം നല്ല മാര്‍ഗങ്ങളുണ്ട്. എന്തിനാ ഈ പാവങ്ങളെ വിളിച്ചുവരുത്തി പറ്റിക്കുന്നെ. പിന്നെ ഈ നാട്ടിലെ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് തല്ല് വാങ്ങി കൊടുക്കല്ലേ. പിഞ്ചുകുഞ്ഞിനെയും ഒക്കെ ആയി വരുന്നവരുടെ കാര്യം ഒന്ന് ചിന്തിച്ചാല്‍ കൊള്ളാം.  നിന്റെയൊക്കെ വീട്ടില്‍ അമ്മേം പെങ്ങന്മാരും ഒന്നുമില്ലേ.
            ഇതേതായാലും ഞാന്‍ പോയി മേടിച്ചതാണ്.  എങ്കിലും ഞാന്‍ ഇത്തരത്തില്‍ പറ്റിക്കപ്പെട്ട മുപ്പതോളം പേരുടെ വിവരങ്ങള്‍ തിരക്കിയിട്ടുണ്ട്.  അവരൊക്കെ ഇപ്പൊ കിട്ടും എന്ന് വിചാരിചിരിക്കുകയാണ് പാവങ്ങള്‍
           ഏതായാലും ഒരാഴ്ച കൂടി ഞാന്‍ നോക്കും ഏറ്റവും കുറഞ്ഞത് രണ്ടു ചീത്തയെന്കിലും അവരെ പോയി വിളിക്കും അത് ഞങ്ങള്‍ കുടിയേറ്റക്കാരുടെ ഒരു സ്റൈലാ .... അല്ല പിന്നെ
          ഇതിപ്പോ കന്നിപ്പെണ്ണാണ് എന്ന് വിചാരിച്ചവള്‍ കല്യാണ രാത്രി ഇരട്ട പെറ്റപോലെ ആയി .... എന്നാലും എന്റെ ബജാജെ..... നീയും....

NB: ഇതിനെതിരെ എവിടെയാണ് പരാതിപ്പെടെണ്ടത് എന്ന് അറിയാവുന്നവര്‍ ദയവായി ഒന്ന് പറഞ്ഞു തരണേ.... 

2 comments:

  1. ഈ പറ്റിപ്പില്‍ ഒരുമാതിരിപ്പെട്ട എല്ലാരും വീണിട്ടിട്ടുണ്ട്. ഇത് പോസ്റ്റാക്കിയത് നന്നായി. ഇത്തരം പറ്റിപ്പുകളില്‍ വീണവര്‍ മിണ്ടാതിരിക്കയാണ് സാധാരണ, എന്നെപ്പോലെ. പിന്നെ നാം മലയാളികള്‍ക്ക് ഒരു ശീലമുണ്ട്. എത്ര പറ്റിപ്പില്‍ വീണാലും അതുപോലത്തെ പറ്റിപ്പു തന്നെ വീണ്ടും മറ്റാരെങ്കിലും പറഞ്ഞോണ്ടു വന്നാല്‍ അതിലും വീഴും. വ്യായാമം ചെയ്യാതെ വയറു കുറയാനായി ലവണതൈലം പുരട്ടി കൈകഴപ്പിക്കലല്ലേ നമ്മുടെ പണി?

    ReplyDelete
  2. This is a usual strategy for selling Holiday Club memberships, they promise fee gifts, free stay in star hotels, hill stations etc.

    ReplyDelete

Related Posts with Thumbnails