പേജുകള്‍‌

Friday, November 5, 2010

നക്സലുകളെ വായിക്കുമ്പോള്‍....................

ഇന്ന് ദീപാവലി, എല്ലാവരും പരസ്പരം മംഗളാശംസകള്‍ കൈ മാറുന്ന ദിനം.  ഇരുട്ടിനെതിരെ വെളിച്ചം നേടിയ വിജയത്തിന്റെ ദിനം. കോടിക്കണക്കായ ഇന്ത്യന്‍ ജനതയ്ക്ക് ഇന്ന് വെളിച്ചം നേടിയ  ഈ വിജയം പ്രാപ്യമാണോ. അവരിന്നും ഇരുട്ടില്‍ തന്നെയല്ലേ, ജാതീയമായും, മതപരമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും, രാഷ്ട്രീയപരമായും എല്ലാം ഇന്നും അന്ധതയില്‍ തന്നെ. അവരെ ഒരിക്കലും ഈ അന്ധതയില്‍ നിന്നും പുറത്തുകടക്കാന്‍ സമ്മതിക്കില്ല എന്നതാണ് സത്യം. ഇരുട്ടില്‍ തന്നെ ഇവരെ തളച്ചിട്ടാല്‍ മാത്രമേ ചിലരുടെ എങ്കിലും ആവശ്യങ്ങള്‍ നിറവേറുകയുള്ളൂ.  തളച്ചിടപ്പെട്ടവര്‍ എന്നെങ്കിലും കെട്ടുപൊട്ടിക്കുവാന്‍ ശ്രമിക്കും. അത് അനുസരണക്കേടായി, ശിഥിലീകരണമായി സര്‍വ്വോപരി  പ്രശനങ്ങളായി മാറും. മാറണമല്ലോ, അതാണല്ലോ ചരിത്രത്തില്‍ ഇന്നേ വരെ കണ്ടിരിക്കുന്നത്.      
            
2002,  ഞാന്‍ ആന്ധ്രയില്‍ അധ്യാപകനായി ജോലി നോക്കുന്ന കാലഘട്ടം ഗോദാവരിഖനി എന്ന സ്ഥലത്താണ് ജോലി. ചുറ്റും കല്‍ക്കരി ഖനികള്‍ സിഗരണി കമ്പനിയും അതിനോട് ബന്ധപ്പെട്ടിട്ടുള്ള ആളുകളും ആണ് കൂടുതലും. കൂടുതലും പാവങ്ങള്‍. അന്നന്നത്തേക്കുള്ളത് സബാതിക്കുന്നവര്‍. അവിടെ വച്ചാണ് ഞാന്‍ ഇന്ത്യ എന്നാല്‍ കേരളമല്ല എന്ന് ആദ്യമായി മനസ്സിലാക്കുന്നത്.  ഉച്ചനീചത്വങ്ങള്‍ എന്താണെന്ന് കാണുന്നത്.  അവിടെ മനുഷ്യനായി പിറക്കുകയാണെങ്കില്‍ ഉയര്‍ന്ന ഏതെന്കിലും ജാതിയിലയിരിക്കണം അല്ലെങ്കില്‍ പശുവായി ജനിക്കണം മനുഷ്യനായി ഒരിക്കലും അവിടെ പിറക്കരുത്.

             ഒരു ദിവസം ഞങ്ങള്‍ക്ക് അവിടെ നിന്നും എണ്‍പതു കി.മി. അകലെയുള്ള കരിംനഗര്‍ വരെ പോകേണ്ടിവന്നു. കൂട്ടുകാരുടെ അടുത്തേക്കണേ ഈ യാത്രകള്‍.  അന്നും ഒരു ദീപാവലി ആയിരുന്നു. കരിംനഗറില്‍ നിന്നും നേരെ ജഗത്യാല്‍ എന്ന സ്ഥലത്തേക്കും. അവിടെ എത്തിയപ്പോള്‍ ആണ് ആദ്യമായി ഞാന്‍ ആയുധമേന്തിയ പോലീസുകാരെ കാണുന്നത്. തോളില്‍ ഹനുമാന്റെ ഗദ പോലെ വച്ചിരിക്കുന്ന LMG  യും പുറകില്‍ പിടിച്ചിരിക്കുന്ന മറുകൈയില്‍ റിവാള്‍വറും ആയി നടക്കുന്ന പോലീസുകാരെ കണ്ടാല്‍ ശരിക്കും ഭയന്ന് പോകും. സ്വന്തം തല സൂക്ഷിക്കാന്‍ വേണ്ടി മാത്രമാണിത്. അവിടുള്ള പോലീസ് സ്റ്റേഷനുകള്‍ക്ക് ചുറ്റും വലിയ ഉയരത്തില്‍ കമ്പി വേലി കെട്ടിയിട്ടുണ്ട്, അതുവഴി വൈദ്യുതിയും കടത്തിവിട്ടിരിക്കുന്നു. ഇതെല്ലാം കണ്ടാല്‍ പോലിസ്‌ എന്ന് പറയുന്നവര്‍ എന്തോ വലിയ ഭീകരന്മാരാണ് എന്ന പ്രതീതിയാണ് നമ്മളില്‍ ഉണര്‍ത്തുന്നത്. അവരേതോ ശത്രുരാജ്യത്ത് നിന്നും വന്നവരാണ് എന്നും തോന്നും. ഇതെല്ലാം നക്സലുകളുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി ഉണ്ടാക്കിയിരിക്കുന്ന മുന്കരുതലുകളാണ്.  ആ മേഖല നക്സലുകള്‍ക്ക് വളരെ അധികം വേരോട്ടം ഉള്ള ഇടമാണ്.

                   ഞങ്ങള്‍ക്ക് അവിടെ നിന്നും തിരിച്ചു പോരുവാന്‍ ഉള്ള വഴിയില്‍ എന്തോ കാരണത്താല്‍  വാഹന ഗതാഗതം മുടങ്ങി. പിന്നെ ഞങ്ങള്‍ക്ക് പോരെണമെങ്കില്‍ കുറേയേറെ ചുറ്റികറങ്ങണമായിരുന്നു. നക്സലുകളുടെ ഏരിയ ആണ് രാത്രി ആയാല്‍ പ്രശനമാണ് എന്ന് പറഞ്ഞു  എല്ലാവരും ഞങ്ങളുടെ യാത്ര മുടക്കാനാണ് ശ്രമിച്ചത്. എങ്കിലും ഞങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി സൂക്ഷിക്കണം എന്ന മുന്നറിയിപ്പോടെ ഞങ്ങളെ ധര്‍മ്മാരം എന്ന സ്ഥലത്തെക്കുള്ള വണ്ടിയില്‍ കയറ്റിവിട്ടു.  ഞങ്ങള്‍ ധര്‍മ്മാരത്തു വന്നിറങ്ങുമ്പോള്‍ രാത്രി എട്ടുമാണിയായി. ഇനി അവിടെ നിന്നും ഞങ്ങള്‍ക്കുള്ള വണ്ടി 12 മണിക്ക് മാത്രമേ ഉള്ളൂ. അത്രയും നേരം അവിടെ തങ്ങുക എന്നത് വളരെ അപകടം പിടിച്ചതാനെന്നു സ്റ്റേഷന്‍ മാസ്ററര്‍.  എനിക്കൊന്നും മനസ്സിലായില്ല.  എന്താണ് അപകടം ഇത്രയ്ക്കു ക്രൂരന്മാരാണോ ഈ നക്സലുകള്‍.  വണ്ടി കിട്ടാതെ വെറുതെ നില്‍ക്കുന്ന ഞങ്ങളെ ആക്രമിക്കാന്‍ മാത്രം വിഡ്ഢികള്‍ ആണോ അവര്‍.  കൂടെയുള്ളവനാണെ ഭയം കൊണ്ട് വിറക്കാനും എന്നെ കുറ്റപ്പെടുത്താനും തുടങ്ങി. ഞാന്‍  ഉള്ളിലുള്ള  ഭയം  പുറമേ കാണിക്കാതെ വിറക്കുന്നത് അവന്‍ കാണാതിരിക്കാനായി അവിടെ ഉള്ള മാര്‍ബിള്‍ ബഞ്ചില്‍ കയറി കമിഴ്ന്നു കിടന്നു. അവനാണെ പേടികൊണ്ട് ഒരുമാതിരി കൂട്ടിലിട്ട വേരുകിനെപ്പോലെ നടക്കുകയാണ്.

                ഈ സമയത്താണ് ഞങ്ങളുടെ ശ്രദ്ധയെ ആകര്‍ഷിച്ചു കൊണ്ട് കലപിലാ എന്ന് എന്തെല്ലാമോ പറഞ്ഞു കൊണ്ട് മൂന്നു കുട്ടികള്‍ വരുന്നത്. ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ പ്രതിരൂപങ്ങളായ മൂന്നു മനുഷ്യ കോലങ്ങള്‍ കീറിപ്പറിഞ്ഞ വേഷവും ചൂല പിടിച്ച ശരീരവും, എല്ലിച്ച കൈ കാലുകളും, ജടപിടിച്ച തലമുടിയും. അവിടെ തൊട്ടടുത്ത് തന്നെയുള്ള കോളനിയിലെ ചന്ധാല വിഭാഗത്തിലെ അടുത്ത തലമുറയാണ്. ഒരു 3,5,7 ഇതായിരിക്കണം പ്രായം ഒരു പെണ്‍കുട്ടിയും രണ്ടു ആണ്‍കുട്ടികളും. പെണ്‍കുട്ടിയാണ് ഏറ്റവും ചെറുത്‌.

              പെട്ടന്ന് ആണ് ആ പെണ്‍കുട്ടി നിലത്ത് കിടക്കുന്ന പാതിയോളം ചീഞ്ഞ ഒരു പഴം കാണുന്നത്. ആര്‍ത്തിയോടെ അവള്‍ ഓടിചെന്നത് കയ്യിലെടുത്തു. പിന്നെ അവിടെ കണ്ടത് ഒരു മല്പിടുത്തമാണ് മൂന്നുപേരും കൂടി ആ ചീഞ്ഞ പഴത്തിനുവേണ്ടി പിടിവലിയായി. അല്പ്പനേരത്തിനകം പഴം അവരുടെ മൂന്നുപേരുടെയും കയില്‍ അളിഞ്ഞു പിടിച്ചു. അവരത് നക്കി തിന്നുന്നതാണ് ഞങ്ങള്‍ പിന്നെ കാണുന്നത്.

              "ഹൊ ഇതാണ് ഇവിടെ എങ്കില്‍ ഇവിടെ നക്സലുകള്‍ ഉണ്ടായില്ലെന്കിലെ അത്ഭുതമുള്ളൂ.. " ഇങ്ങനെ പറഞ്ഞു കൊണ്ട് അത്രയും നേരം വേറിപിടിച്ചു നടന്നിരുന്ന കൂട്ടുകാരന്‍ എന്റെ അടുക്കല്‍ വന്നിരുന്നു.

              ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല നക്സലുകളുടെ വേരോട്ടം ശക്തമായിട്ടുള്ള എല്ലാ മേഖലകളിലും ഇത്തരത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വലുതാണെന്ന് നമ്മുക്ക് കാണാന്‍ കഴിയും.  ഈ കാരണത്താല്‍ തന്നെയാണ് പോലീസിന് ഇവരെ കണ്ടുപിടിക്കാന്‍ സാധിക്കാത്തത്. സാധാരണ ജനങ്ങളുടെ പൂര്‍ണ്ണമായ പിന്തുണ ഇവര്‍ക്കുണ്ട്.   നേതാക്കന്മാരോ രാഷ്ട്രീയക്കാരോ വോട്ടിന്‍റെ സമയത്തല്ലാതെ ഇവരെ മനുഷ്യരായി കാണുകയോ അവരെ സഹായിക്കുകയോ ചെയ്യില്ല. എന്നാല്‍ ക്രൂരന്‍മാരായ ഈ നക്സലുകള്‍ ആണ് ഇവരെ സഹായിക്കുന്നത്.

                നക്സലുകളുടെ പേരില്‍ പുറംലോകം അറിയുന്ന ആക്രമണങ്ങളിലും കൊലപാതകങ്ങളിലും 70% ത്തോളം അവര്‍ ചെയ്യുന്നതല്ല. മറ്റുള്ളവര്‍ ചെയ്യ്തതിനു ശേഷം CPI ML സിന്ദാബാദ്‌ എന്ന് എഴുതി വച്ചിട്ട് പോകുന്നവയാണ്. പോലീസ് കാണിക്കുന്ന ക്രൂരതകളും നരനായാട്ടും വേറെ. അത്ര ക്രൂരത ഒരിക്കലും ഇവര്‍ക്ക് കാണിക്കുവാന്‍ സാധിക്കില്ല.

             ഇവരെ വേട്ടയാടി നശിപ്പിക്കുക എന്നതാണ് പോലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും ഉള്ള നടപടി.  പണ്ടേതോ ഒരു അസുരന്റെ കഥപോലെ ഇവര്‍ വേട്ടയാടുന്ന ഓരോ നക്സലിന്റെയും രക്തത്തില്‍ നിന്നും വേറെ നൂരെണ്ണമാണ് ഉണ്ടായി വരുന്നത്. ഇവരെ മനുഷ്യരായി കാണുവാന്‍ ഇവരാരും ശ്രമിക്കാറില്ല.അതാണ്‌ ഏറ്റവും വലിയ പോരായ്മ.

                                          (തുടരും.......)

9 comments:

 1. നിങ്ങള്ക്ക് ഒരിക്കലും ഒരാശയത്തെ തകര്‍ക്കാന്‍ പറ്റില്ല എന്ന് പറയുന്നത് വെറുതെയാണ്...നക്സലിസം എന്ന ആശയത്തെ മനുഷ്യര്‍ തമ്മിലുള്ള അന്തരം കുറച്ചാല്‍ ചെയ്യാവുന്നതേയുള്ളൂ...ലേഖനം ഹൃദയ സ്പര്‍ശി തന്നെ.ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു

  http://vishumalayalam.blogspot.com/2009/10/blog-post.html - നക്സലിസത്തെ കുറിച്ച് ഞാന്‍ ഇട്ട ഒരു പോസ്റ്റ്‌

  ReplyDelete
 2. നല്ല ലേഖനം.അടുത്തത് പോരട്ടെ :)

  ReplyDelete
 3. വിശ്വജിത്ത്‌ താങ്കളുടെയും വായിച്ചു , അതും സൂപ്പറായിട്ടുണ്ട്.

  ReplyDelete
 4. @ Vishwajith / വിശ്വജിത്ത്
  @ shajiqatar
  thanks and hearty welcome to my blog

  ReplyDelete
 5. നക്സലിസം -മാവോയിസം- എന്ന തീവ്രവാദപ്രസ്ഥാനം ഉയര്‍ന്നുവരാനും നിലനില്‍ക്കാനും ഉള്ള വസ്തുനിഷ്ട സാഹചര്യമാണ് അവിടങ്ങളില്‍ ഇപ്പോഴും എന്ന് പലരും എഴുതിയത് വായിച്ചിട്ടുണ്ട്. താങ്കളുടെ വിവരണത്തിന് അനുഭവത്തിന്റെ ചൂടും ചൂരുമുള്ളതിനാല്‍ കൂടുതല്‍ ഹൃദ്യമാവുന്നു. തുടര്‍ പോസ്റ്റിനായി കാത്തിരിക്കുന്നു.

  ReplyDelete
 6. @സ്വതന്ത്ര ചിന്തകന്‍
  welcome to my blog

  ReplyDelete
 7. നക്സലുകള്‍ സൃഷ്ടിക്കപ്പെടുകയാണ്; അതിനുള്ള മൂശയാണ് ജാതീയതയും സവര്‍ണ മേധാവിത്ത്വവും പോലീസു രാജും അടിച്ചേല്പിക്കുന്ന അസമത്വം..മാറി മാറി വരുന്ന സര്‍ക്കാരുകള്‍ നക്സല്‍ വേട്ടക്കു വേണ്ടി ചിലവാക്കുന്ന പണം മതി ഈ പാവങ്ങള്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാന്‍...നല്ല അവതരണം..തുടരുക..

  ReplyDelete
 8. @ സലീം ഇ.പി.
  hearty welcome to my blog

  ReplyDelete

Related Posts with Thumbnails