പേജുകള്‍‌

Monday, October 11, 2010

എന്തുണ്ട് വിശേഷം സംസ്ഥാന പക്ഷി(ക്ക്)?

ഇന്ന് കാലത്തെ പതിവില്ലാത്ത ഒരു പക്ഷിയുടെ കരച്ചില്‍ കേട്ടാണ് ഞാന്‍ ഉണരുന്നത്. സാധാരണ എട്ടുമണിയൊക്കെ കഴിയുമ്പോള്‍ ആരെങ്കിലും കുത്തിപ്പോക്കിയാണ് എന്നെ എഴുന്നേല്‍പ്പിക്കാരുള്ളത്. ഇന്നാ പതിവ് തെറ്റിയതുകൊണ്ട്, ഉറക്കം പോകാതെ വീണ്ടും ഞാന്‍ തലയിണയിലേക്ക് തലയമര്‍ത്തി പുതപ്പുകൊണ്ട് മേലാസകലം മൂടി വീണ്ടും ഒരു ഉറക്കം കൂടി പ്രതീക്ഷിച്ചുകൊണ്ട് എഴുന്നേല്‍ക്കാന്‍ മടി പിടിച്ച്‌ കമിഴ്ന്നു കിടന്നു.
"ദേ.. ഇങ്ങോട്ടോന്നെഴുന്നേറ്റെ ആ റബരേല്‍ ആണ്ടെ ഒരു വെല്യ പക്ഷിയിരിക്കുന്നു ഇവിടെ കാണാത്തതാ അതെന്താന്ന് ഒന്ന് നോക്കിയെ" തലവഴി മൂടിയിരുന്ന പുതപ്പ് വലിച്ചു പൊക്കിക്കൊണ്ട് വാമഭാഗം ഏതാണ്ട് അത്ഭുതം കണ്ടിട്ടെന്നവണ്ണം വിടര്‍ന്ന കണ്ണുകളുമായി പറഞ്ഞു.
         എന്തിനാ വെറുതെ അവളുടെ മുഖം കറുപ്പിക്കുന്നത് എന്നോര്‍ത്ത്, ഉറക്കം കളഞ്ഞതില്‍ പിരുപിരുത്തുകൊണ്ടും ലോകത്തുള്ള സര്‍വ പക്ഷികളും മുടിഞ്ഞുപോകത്തെയുള്ളൂ എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ടും മുറ്റത്തേക്കിറങ്ങി. അവള്‍ ചൂണ്ടിക്കാട്ടിയ മരത്തേല്‍ നോക്കിയ ഞാനും ശരിക്കും അത്ഭുതപ്പെട്ടുപോയി.
          കാക്കയെക്കാളും കുറച്ചുകൂടി വലിപ്പം കൂടിയ, വലിയ ചുണ്ടുകളുമായി ഒരു പക്ഷി അതാ നമ്മുടെ സ്വന്തം റബറില്‍ വിശ്രമിക്കുന്നു. പെട്ടന്നാണ് നമ്മുടെ തലക്കകത്ത് ബള്‍ബുകത്തിയത്
"അല്ല ഇത് നമ്മുടെ സ്വന്തം സംസ്ഥാന പക്ഷിയല്ലേ" ഭാര്യയോടായി ഞാന്‍ പറഞ്ഞു
"യ്യോ ഞാന്‍ ഇതിനെ ആദ്യമായിട്ടാണ് കാണുന്നത്, അല്ല അതിനു രണ്ടു കൊക്കുകളില്ലേ ?" അവള്‍
"ശരിയാണ് അത് മലമുഴക്കി വേഴാംബലിനാണ്, ഇതതല്ല ചാര വേഴാമ്പല്‍ ആണ് പോരാത്തതിന് പിടയുമാനെന്നു തോന്നുന്നു" നമ്മടെ വേഴാമ്പലിനെ കുറിച്ചുള്ള അറിവ് ഞാന്‍ അവിടെ വിളമ്പി
"നിങ്ങളതിനെ ഇതിനു മുന്പ് കണ്ടിട്ടുണ്ടോ " അവളെന്റെ നേരെ തിരിഞ്ഞു
"പിന്നെ ഇഷ്ടംപോലെ "ഞാന്‍
"ശ്ശോ കഷ്ടം ഞാന്‍ ജീവനോടെ കണ്ടിട്ടില്ല പടത്തില്‍ മാത്രമേ കണ്ടിട്ടുള്ളൂ " അവള്‍ വിഷമത്തോടെ പറഞ്ഞു
Indian Grey Hornbill
           അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല വാചകമടിക്കുന്ന ഞാനും കാഴ്ചബംഗ്ലാവിലും പടത്തിലും അല്ലാതെ ഒരു വേഴാമ്പലിനെ രണ്ടാമത്തെ തവണയാണ് കാണുന്നത്. പത്തുമുപ്പത്തിനാല് വര്‍ഷമായിട്ടു ഹൈറേഞ്ചില്‍ ആണ് ജീവിക്കുന്നതെന്ന് പറഞ്ഞിട്ട് കാര്യമില്ല. വേഴാമ്പലിനെ കാണാന്‍ മാത്രം പറ്റിയിട്ടില്ല. ആദ്യം ഞാന്‍ കാണുന്നതും ഇതുപോലെ ഒരു രാവിലെയാണ് അതും ഒരു പത്തു വര്‍ഷമെങ്കിലും മുന്‍പ്. ഇടുക്കിയിലെ നാരകക്കാനം എന്ന സ്ഥലത്തുള്ള എന്റെ അമ്മ വീട്ടില്‍ വച്ച്. അന്ന് വല്യമ്മച്ചി ഉണ്ടാക്കിയ പുകില് ചില്ലറയൊന്നുമല്ല. ചെകുത്താന്റെ പക്ഷിയാണെന്നു പറഞ്ഞു കൊന്തയെടുത്തു കാണിക്കുന്നു, കുരിശു വരക്കുന്നു ആകെ ബഹളം, പിന്നെ വെല്ല്യപ്പന്‍ ചെകുത്താന്‍ ആയെപ്പിന്നെയാണ് നിറുത്തിയത്. അന്ന് വെല്ല്യപ്പനാണ് അത് വേഴാംബലാനെന്നു പറഞ്ഞു തന്നത്. വല്യമ്മയുടെ എഴുപതു വര്‍ഷത്തെ ജീവിതത്തിനിടക്ക് ആദ്യമായാണ്‌ ഈ ജീവിയെ കാണുന്നത്.
              അന്ന് കണ്ടത് ശരിക്കും മലമുഴക്കി വേഴാമ്പലിനെ തന്നെയായിരുന്നു. അതിന്റെ വലിയ ശരീരവും, തൂങ്ങിയ വാലും, കറുത്ത നിറവും, പിന്നെ ഇതിനെക്കളെല്ലാം എടുത്തു കാണിക്കുന്ന ആ മനോഹരമായ മഞ്ഞ നിറമുള്ള വളഞ്ഞ കൊക്കും, അതിനു മേലെ തൊപ്പി വച്ചതുപോലുള്ള കിരീടവും ഇന്നും ഓര്‍മയില്‍നിന്ന് പോയിട്ടില്ല. ഇത് മഴക്കാലത്ത് മാത്രമേ വെള്ളം കുടിക്കുകയുള്ളൂ എന്നും അതുകൊണ്ട് മഴക്കായി ഇപ്പോഴും ദാഹിച്ചു വലഞ്ഞു പ്രാര്‍ഥിക്കുമാത്രേ. എന്തായാലും അതുവരെ പാഠപുസ്തകത്തില്‍ മാത്രം കണ്ടിരുന്ന ഒരു മിത്താണ് എന്ന് പോലും കരുതിയിരുന്ന അതിനെ നേരില്‍ കാണാന്‍ പറ്റി.
              എന്നിരുന്നാലും പുറംനാട്ടുകാരാരെങ്കിലും ചോദിച്ചാല്‍ വേഴാമ്പലിനെ പറ്റി ഞാന്‍ ഒരു പ്രബന്ധം തന്നെ അവരുടെ മുന്നിലവതരിപ്പിക്കും, കോഴിയെപ്പോലെ, അല്ലെ കാക്കയെപ്പോലെ, ഇതിനെക്കൊണ്ടും നമ്മുടെ നാട്ടില്‍ ഭയങ്കര ശല്യമാ, അടുക്കളയില്‍ ഒരു സാധനം പോലും വയ്ക്കാന്‍ പറ്റില്ല കണ്ണ് തെറ്റിയാല്‍ വേഴാമ്പല്‍ അടിച്ചോണ്ട് പോകും എന്നു വരെ വേണെങ്കില്‍ പറയും. നമ്മുടെ സംസ്ഥാന പക്ഷിയെ കണ്ടിട്ട് പോലുമില്ലന്നു പറഞ്ഞാല്‍ ആര്‍ക്കാ നാണക്കേട്. നമ്മള് മലയാളിക്ക് മൊത്തം മാനക്കേടല്ലേ അതുകൊണ്ട് ഞാന്‍ ആ പണിക്കില്ല. നിങ്ങളും ഇങ്ങനയെ പറയാവൂ, അല്ലെങ്കില്‍ അവന്മാരെങ്ങാനും അറിഞ്ഞാല്‍ എനിക്കെതിരെ വല്ല കൊട്ടേഷനും കൊടുക്കും, ചതിച്ചെക്കല്ലേ, പ്ലീസ്‌!!!!
              എനിക്ക് തോന്നുന്നില്ല മലയാളികള്‍ അധികമൊന്നും ഈ പക്ഷിയെ കൂട്ടിനുള്ളിലും പടത്തിലും അല്ലാതെ നേരിട്ട് ജീവനോടെ കണ്ടിട്ടുണ്ടെന്ന്, അങ്ങനെയുണ്ടെങ്കില്‍ നിങ്ങള്‍ മഹാഭാഗ്യവാനാണ് (കണ്ടിട്ടുണ്ടെങ്കില്‍ എവിടെ വച്ചാണെന്ന് ഒന്ന് പറയണേ). ഈ ഒന്നൊഴിച്ച് നമ്മുടെ സംസ്ഥാന സംഭവങ്ങളെല്ലാം തന്നെ ഓക്കേ ആണ്. പൂവേ നമ്മുടെ കണിക്കൊന്ന വിഷുവിന്റെ സമയത്തെവിടെ തിരിഞ്ഞാലും കണ്ണിനു കുളിരേകി അങ്ങേരുണ്ട്, മൃഗം ആന എവിടാ ഇല്ലാത്തെ, മരം തെങ്ങ് ചുമ്മാ കളിയാക്കല്ലേ, പിന്നെ മീന്‍ കരിമീനാണെ കായലുണ്ടോ പുള്ളിക്കാരനും ഓക്കേ. പക്ഷെ പാവം വേഴാമ്പല്‍ ?
               നമ്മുടെ ദേശീയ മൃഗം സിംഹം ആണെന്നായിരുന്നു ചെറിയ ക്ലാസുകളില്‍ ഞാന്‍ പഠിച്ചത്. എന്നാല്‍ പിന്നെ എന്നോ ഒരു സുപ്രഭാതത്തില്‍ കേട്ടു സിംഹത്തിന്റെ ആസനം തെറിച്ചു എന്നും കടുവ അവിടെ കേറി ഇരുപ്പുറപ്പിച്ചു എന്നും. കാരണം ഇന്ത്യയില്‍ സിംഹത്തിന്റെ എണ്ണം കുറഞ്ഞതിനാലാണത്രേ. അങ്ങനെ ആണെങ്കില്‍ നമ്മള്‍ അധികമൊന്നും കണ്ടിട്ടില്ലാത്ത കുട്ടികള്‍ക്ക്‌ ഇപ്പോഴും ഒരു മിത്തായി മാത്രം അറിയപ്പെടുന്ന ഈ പാവം വേഴാംബലിന്റെ തലയില്‍ നിന്നും ഈ കിരീടം എടുത്തു മാറ്റി മറ്റാര്‍ക്കെങ്കിലും കൊടുത്തൂടെ, അതൊക്കെ പോട്ടെ ആരാ ഇവര്ക്കീ കിരീടം കൊടുക്കുന്നെ അറിയാന്‍ വയ്യാഞ്ഞിട്ടാണെ !!!!
             ഇനി എന്റെ ഒരു കാഴ്ചപ്പാടില്‍ ഈ കിരീടത്തിന് അര്‍ഹരായ ഒത്തിരി പേരുണ്ട്. ഒന്ന് നമ്മുടെ കാക്ക കുഞ്ഞു കുട്ടികള്‍ വരെ ആദ്യം പഠിക്കുന്ന പക്ഷിയുടെ പേര് കാക്കയുടെയാണ് "കാക്ക കൊണ്ടുപോയില്ലേ" അങ്ങേര്‍ക്കു കൊടുക്കാം, പിന്നെ ചെമ്പോത്ത് (ഉപ്പന്‍), പിന്നെ നമ്മുടെ സുരേഷിനു വരെ അറിവവുന്ന മൈന (ക്ലാ ക്ലാ ക്ളി ക്ളി സുരേഷ് തിരിഞ്ഞു നോക്കി... ഫെയിം) അതുമല്ലെങ്കില്‍ അങ്ങേരുടെ ബന്ധു മാടത്തയുണ്ടല്ലോ നമ്മുടെ വട്ടന്‍കൊത്തിയേ.. പിന്നെ മാക്കാന്‍ മൂത്ത് ഉണ്ടായ മരക്കാവി, ഇനിയും നീണ്ടു പോകും ലിസ്റ്റ് കരികലപ്പിട, തത്ത, അരിപ്രാവ്, കൊക്ക്, മരംകൊത്തി, കുളക്കോഴി.....
          ഇതിലും യോഗ്യരായ രണ്ട് പേരുണ്ട്. പൊന്മാന്‍ ഒന്ന് അതും നമ്മുടെ വിജയ്മല്യയുടെ തന്നെ വേണം. അതാകുമ്പോ നമ്മള്‍ മലയാളിക്ക് ചേരും, എല്ലാരും അറിയുകേം ചെയ്യും. പിന്നുള്ളത് എറിയന്‍ എന്ന് പറയുന്ന പരുന്തിന്റെ ഒരു ബന്ധു. ഇതിനൊരു പ്രത്യേക സ്വഭാവമുണ്ട് കാലത്തെ തന്നെ ഇത് കരികലപ്പിടകളുടെ കൂട്ടത്തില്‍ കൂടും, അതും വളരെ അവശനായി, ദയനീയമായി കരഞ്ഞുകൊണ്ട്, അതുകണ്ട് പാവം കരികലപ്പിടകള്‍ ഇതിനും തീറ്റ തേടി കൊടുക്കും. അങ്ങനെ വൈകുന്നേരമാകുമ്പോള്‍ പുള്ളിയുടെ സ്വഭാവം മാറും ഇരിട്ടു വീഴാറാകുംപോള്‍ സൗകര്യത്തിനു കിട്ടുന്ന ഒരു കരികലപ്പിടയെയും പിടിച്ചു കൊണ്ട് അങ്ങേരു മുങ്ങും. എപ്പടി ഇദ്ദേഹമല്ലേ ഏറ്റവും യോഗ്യന്‍.
          അപ്പോള്‍ മഴകാത്ത് ഇരിക്കുന്ന വേഴാമ്പലിനെപ്പോലെ നമ്മള്‍ക്കും ഇരിക്കാം ഒരു വേഴാമ്പലിനെ കാണാന്‍.

7 comments:

 1. @ മേഘമല്‍ഹാര്‍(സുധീര്‍)
  thanks a lot

  ReplyDelete
 2. ശരിയാണ്.. നമ്മുടെ സംസ്ഥാന പക്ഷിയെ ഒരിക്കലെങ്കിലും സ്വാഭാവികമായി കാണാന്‍ കിട്ടുക അപൂര്‍വ്വം. ഞാന്‍ മൈസൂര്‍ ബോടനിക്കള്‍ ഗാര്ടനില്‍ വച്ചാണ് ആദ്യമായും അവസാനമായും നേരിട്ട് കണ്ടത്. താങ്കള്‍ ഭാഗ്യവാന്‍ തന്നെ..

  ReplyDelete
 3. പിന്നെ ആ സ്ഥാനത്തു പുതിയ അവകാശിയെ പ്രഖ്യാപിക്കുമ്പോള്‍ നമ്മുടെ കുട്ടുറുവനെ കൂടി പരിഗണിക്കണേ .. കുട്ടുറുവനെ കാണാന്‍ എന്റെ ബ്ലോഗിന്റെ തലവാച്ചകതിന്റെ വലതു വശത്ത് നോക്കിയാല്‍ മതി.

  ReplyDelete
 4. @ കുട്ടുറുവന്‍
  thanks a lot
  താങ്കള്‍ പറഞ്ഞ കുട്ടുറുവന്‍ പക്ഷിയേയും പരിഗണിക്കുന്നു, (അതിനെ പച്ചലക്കുടുക്ക എന്നാണ് ഞങ്ങളുടെ നാട്ടില്‍ വിളിക്കുന്നത്‌)

  ReplyDelete
 5. I have seen it at athirappilly ValparaI road.

  ReplyDelete

Related Posts with Thumbnails